മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിക്കാൻ ഷാജ് കിരൺ എന്നയാൾ ഭീഷണിപ്പെടുത്തി; ശബ്ദരേഖയുണ്ടെന്ന് സ്വപ്ന
text_fieldsപാലക്കാട്: കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കാനായി ഭീഷണിപ്പെടുത്തി നിർബന്ധിച്ചെന്ന് സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്. പാലക്കാട് എച്ച്.ആർ.ഡി.എസിന്‍റെ ഓഫിസിലെത്തിയ ഷാജ് കിരണും ഇബ്രാഹിമും ഉച്ചമുതൽ വൈകീട്ട് ഏഴുവരെ മാനസികമായി സമ്മർദത്തിലാക്കി കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കാനാവശ്യപ്പെട്ടു. നികേഷ് കുമാർ എന്ന വ്യക്തി വന്ന് കാണുമെന്നും അയാൾക്ക് തന്‍റെ ഫോൺ കൊടുക്കണമെന്നും തുടർന്ന് നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു.
നമ്പർ വൺ വലിയ ദേഷ്യത്തിലാണ്. നികേഷ് കുമാര്‍ മുഖ്യമന്ത്രിയുടെ ശബ്ദമാണ്. നികേഷിനൊപ്പം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെത്തണം. ഒത്തുതീര്‍പ്പിലെത്തിയാല്‍ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സുരേഷ് ആരോപിച്ചു. ശിവശങ്കറാണ് ഷാജിനെ പരിചയപ്പെടുത്തിയത്. ഷാജ് കിരണ്‍ തന്‍റെ നല്ല സുഹൃത്തും വിശ്വസ്തനുമായിരുന്നു. സരിത്തിനെ അടുത്തദിവസം പിടിച്ചുകൊണ്ടുപോകുമെന്ന് ബുധനാഴ്ച തൃശൂരിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ തന്നെ ഷാജ് പറഞ്ഞിരുന്നു. പറഞ്ഞതു പോലെ തന്നെ വ്യാഴാഴ്ച സരിത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. ഇതേത്തുടർന്ന് ബുധനാഴ്ച താൻ വിളിച്ചിട്ട് തന്നെയാണ് ഷാജ് കിരൺ പാലക്കാട് വന്നത്. പക്ഷേ, തന്നെ മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ ഷാജ് ശ്രമിച്ചതായി സ്വപ്ന കുറ്റപ്പെടുത്തി.
മാധ്യമപ്രവർത്തകർ പോലും അറിയുന്നതിന് മുന്നേ വ്യാഴാഴ്ച വിജിലൻസാണ് സരിത്തിനെ കൊണ്ടുപോയതെന്ന് ആദ്യം അറിയിച്ചത് ഷാജാണ്. ഒരു മണിക്കൂറിനകം സരിത്തിനെ വിട്ടയക്കുമെന്ന് ഷാജ് പറഞ്ഞിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി.
തന്നോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ എം.ആർ. അജിത് കുമാറടക്കം രണ്ട് എ.ഡി.ജി.പിമാർ 56 തവണയാണ് ഷാജ് കിരണിനെ ഫോണിൽ വിളിച്ചത്. ഓരോ കോൾ വരുമ്പോഴും ഓരോ കാര്യങ്ങൾ പറഞ്ഞു തന്നെ ഒത്തുതീർപ്പിലെത്തിക്കാൻ ശ്രമിക്കുകയായിരുന്നു. പണമടക്കം നിരവധി വാഗ്ദാനങ്ങൾ നിരത്തി. എന്നാല്‍ വഴങ്ങിയില്ല. വ്യാഴാഴ്ച വീണ്ടും തന്‍റെ വക്കീലിനെ പൂട്ടുമെന്നും എച്ച്.ആർ.ഡി.എസിന് പണികൊടുക്കുമെന്നും ഷാജ് പറഞ്ഞു.
പ്രത്യേക അന്വേഷണസംഘത്തെ വെച്ചതിലടക്കം ദുരുദ്ദേശ്യമില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്താണ് നടന്നതെന്ന് വെള്ളിയാഴ്ച വ്യക്തമാക്കും. ശബ്ദരേഖ പുറത്തുവന്നാല്‍ എല്ലാം വ്യക്തമാകും. തന്നെ പല കേസുകളിൽ കുടുക്കിയിരിക്കുകയാണ്. ഒരു ഗൂഢാലോചനയിലും പങ്കാളിയായിട്ടില്ല. തനിക്കെതിരെ ചുമത്തിയ കേസിൽ പങ്കാളികളായ വിവിധ ആളുകളെ കുറിച്ചാണ് കോടതിയിൽ മൊഴി നൽകിയതെന്നും സ്വപ്ന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.