അനധികൃത സ്വത്ത് സമ്പാദന കേസിൽ ഷാജി രേഖകൾ ഹാജരാക്കി; നൽകിയവയിൽ കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങളും
text_fieldsകോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എല്‍.എയെ വിജിലൻസ് വീണ്ടും ചോദ്യംചെയ്തു. തൊണ്ടയാട്ടെ വിജിലന്‍സ് സ്പെഷല്‍ സെല്‍ ഓഫിസിൽ വെള്ളിയാഴ്ച രാവിലെ പത്തിന് തുടങ്ങിയ ചോദ്യംചെയ്യൽ മൂന്നുമണിക്കൂറോളം നീണ്ട് ഉച്ചക്ക് ഒരുമണിക്കാണ് അവസാനിച്ചത്.
ഏപ്രിൽ 16ന് ചോദ്യം ചെയ്തപ്പോൾ, പരിശോധനക്കിടെ കണ്ണൂരിലെ വീട്ടിൽനിന്ന് പിടിച്ച 47.35 ലക്ഷം രൂപയുടെയും അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടി രൂപയുടെയും രേഖകൾ ഹാജരാക്കാൻ വിജിലൻസ് ഒരാഴ്ച സമയം അനുവദിച്ചിരുന്നു. വെള്ളിയാഴ്ച രേഖകൾ കൈമാറിയ ഷാജിയോട് കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്ന് പറഞ്ഞായിരുന്നു ചോദ്യംചെയ്യൽ. കേസ് കോടതിയിലെത്തുേമ്പാൾ മൊഴികൾ നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഉദ്യോഗസ്ഥരുടെ ചോദ്യവും ഷാജിയുടെ മറുപടിയും പൂർണമായും വിഡിയോയിൽ പകർത്തിയിട്ടുണ്ട്.
യു.ഡി.എഫ് അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പിനായി പിരിച്ച തുകയാണ് വീട്ടിൽനിന്ന് പിടിച്ചതെന്ന് നേരത്തേ വെളിപ്പെടുത്തിയ ഷാജി ഇതിെൻറ കൗണ്ടർ ഫോയിലുകളും കുടുംബസ്വത്ത് ലഭിച്ചതിെൻറ രേഖകളും കോഴിക്കോട്ടും കണ്ണൂരിലും വയനാട്ടിലും സ്ഥലം വാങ്ങിയതിെൻറയും ബിസിനസുകളിലെ ഓഹരികളുടെയും രേഖകളുമാണ് കൈമാറിയത്. ഇതോെടാപ്പം കർണാടകയിലെ കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങളും എസ്.പി എസ്. ശശിധരൻ മുമ്പാകെ ഹാജരാക്കി. ബാക്കി രേഖകൾ എത്തിക്കാൻ കൂടുതൽ സമയവും ഷാജി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഹാജരാക്കിയ രേഖകൾ വിശദമായി പരിശോധിച്ചശേഷം വീണ്ടും ഷാജിയെ ചോദ്യംചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രേഖകൾ പരിശോധിച്ചാലേ ഇവയുടെ ആധികാരികത വ്യക്തമാവൂ.
ഭൂരേഖകളുെട സത്യാവസ്ഥ അറിയാൻ രജിസ്ട്രേഷൻ വകുപ്പിെൻറ സഹായം തേടും. അക്കൗണ്ട് വിശദാംശങ്ങൾ ബന്ധപ്പെട്ട ബാങ്കുകളിൽനിന്ന് ശേഖരിക്കും. തെരഞ്ഞെടുപ്പ് ചെലവിലേക്ക് വൻതുക നൽകിയവരുടെ പേരുവിവരം ലഭ്യമായതിനാൽ ഇവരിൽ നിന്നും മൊഴിയെടുക്കും.
ഷാജിയുടെ ഏറ്റവും വലിയ ആസ്തി ഒന്നരക്കോടിയിലേറെ വിലമതിക്കുന്ന കോഴിക്കോട്ടെ വീടാണ്. ഭാര്യ ആശയുടെ പേരിലാണ് വീട് എന്നതിനാൽ അവരെയും ചോദ്യംചെയ്യും. പണത്തിെൻറ ഉൾപ്പെടെ ഹാജരാക്കിയ രേഖ ആധികാരികമല്ലെങ്കിൽ നേരത്തെ അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടിക്കൊപ്പം വീട്ടിൽനിന്ന് പിടിച്ച തുകയും ഉൾപ്പെടുത്തി മൊത്തം രണ്ടു കോടിയുടെ അനധികൃത സ്വത്ത് എന്ന നിലക്കാവും അന്വേഷണം മുന്നോട്ടുകൊണ്ടുപോവുകയെന്നും അന്വേഷണസംഘം വ്യക്തമാക്കി.
അതേസമയം, ഷാജി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നുകാട്ടി പൊതുപ്രവർത്തകൻ അഡ്വ. എം.ആർ. ഹരീഷ് നൽകിയ കേസ് അന്വേഷണ സംഘത്തിന് റിപ്പോർട്ട് സമർപ്പിക്കാൻ മേയ് 20ലേക്ക് വിജിലൻസ് പ്രത്യേക കോടതി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.