ഷാജി ഉടുമ്പാക്കൽ: അമ്പലപ്പുഴക്ക് നഷ്ടമായത് നിസ്വാർഥനായ പൊതുപ്രവർത്തകനെ
text_fieldsഅജിത്ത് അമ്പലപ്പുഴ
അമ്പലപ്പുഴ: ചുവരിൽ ചിരിക്കുന്ന മുഖമടങ്ങിയ പോസ്റ്ററിെൻറ മഷിപ്പാട് ഉണങ്ങുംമുേമ്പ വിടപറഞ്ഞ യുവനേതാവ് വേദനയാകുന്നു. യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻറും ഡി.സി.സി അംഗവുമായ ഷാജി ഉടുമ്പാക്കലാണ് ആകസ്മികമായി തിങ്കളാഴ്ച മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി വണ്ടാനം ബ്ലോക്ക് ഡിവിഷനിൽനിന്ന് മത്സരിച്ചിരുന്നു. ഇടത് സ്ഥാനാർഥി വി.ആർ. അശോകനോട് പരാജയപ്പെട്ടെങ്കിലും പിന്നീട് പൊതുപ്രവർത്തനരംഗത്ത് സജീവമാകുന്നതിനിടെയാണ് ഷാജി ഹൃദയസംബന്ധ അസുഖത്തെത്തുടർന്ന് ചികിത്സയിലായത്. തൊട്ടുപിന്നാലെ മരണവും തേടിയെത്തി.
പദവിയോ അധികാരമോ ഒന്നും ഷാജിക്ക് പ്രശ്നമായിരുന്നില്ല. കോൺഗ്രസിെൻറ സമരമുഖത്തെ വീറുറ്റ പോരാളിയായിരുന്നു അദ്ദേഹം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഉടുമ്പാക്കൽ ബഷീർ-സൈറുമ്മ ദമ്പതികളുടെ മകനായ ഷാജി എന്ന, എവിടെയും ഓടിയെത്തുന്ന രാഷ്ട്രീയപ്രവർത്തകൻ നാട്ടിൽ നിറസാന്നിധ്യമായിരുന്നു. സ്വന്തമായി കുടിവെള്ള വിതരണ ഏജൻസി നടത്തിയിരുന്ന ഷാജി എന്നും രാവിലെ ജോലി പൂർത്തിയാക്കി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകും. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശ്രിതരില്ലാത്തവർക്ക് താങ്ങും തണലുമായി പ്രവർത്തിച്ചു.
ഷാജിയുടെ പ്രവർത്തനങ്ങളിൽ വിറളിപൂണ്ട രാഷ്ട്രീയ എതിരാളികൾ കള്ളക്കേസിൽ കുരുക്കിയെങ്കിലും ആത്മധൈര്യം ചോരാതെ കോൺഗ്രസിനൊപ്പം നിലകൊണ്ടു. ഡി.സി.സി അംഗം കൂടിയായ ഷാജി യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആക്റ്റിങ് പ്രസിഡൻറായിട്ടാണ് നേതൃസ്ഥാനത്തെത്തിയത്. പിന്നീട് നിയോജക മണ്ഡലം പ്രസിഡൻറായി. സാധാരണക്കാരെൻറ പ്രശ്നങ്ങൾക്കുവേണ്ടി മെഡിക്കൽ കോളജാശുപത്രി വരാന്തയിലും പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങി. തോട്ടപ്പള്ളി കരിമണൽ ഖനനത്തിനെതിരായ പോരാട്ടത്തിൽ സജീവ സാന്നിധ്യമായിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. മർദനമേറ്റ് ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി എത്തിയിരുന്നു. രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി സുഹൃദ്ബന്ധം സൂക്ഷിച്ചിരുന്ന ഷാജിയുടെ വേർപാട് അമ്പലപ്പുഴയിലെ കോൺഗ്രസിന് നികത്താനാവാത്ത നഷ്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.