'കൂട്ടരാജി ഉത്തരംമുട്ടിയപ്പോഴുള്ള എടുത്തുചാട്ടം; നേതൃനിരയിലേക്ക് വനിതകൾ വരണം'
text_fieldsകൊച്ചി: 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പൂർണ്ണമായും രാജിവെച്ചത് ഉത്തരംമുട്ടിയപ്പോഴുള്ള എടുത്തുചാട്ടം ആയിപ്പോയെന്ന് നടൻ ഷമ്മി തിലകൻ. എല്ലാവരും രാജിവെക്കേണ്ടതില്ലായിരുന്നു. ആരോപണ വിധേയർ മാത്രം രാജിവച്ചാൽ മതിയായിരുന്നു. അമ്മയുടെ നേതൃനിരയിലേക്ക് വനിതകൾ വരണം. ആര് തെറ്റ് ചെയ്താലും തിരുത്താനുള്ള മനസ് കാണിക്കണം. പ്രതികരിക്കുന്നവരെ അടിച്ചമർത്താനല്ല നോക്കേണ്ടതെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു.
സംഘടനയിൽ അനിശ്ചിതത്വം ഉണ്ടായി. ഒന്നും പ്രതികരിക്കാത്തതിന് പിന്നില്‍ അമ്മ പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതാകാം. ഉത്തരം മുട്ടിയപ്പോൾ രാജിവച്ചൊഴിഞ്ഞതാകാം അദ്ദേഹം. മോഹൻലാലിന്റെ മൗനം കാരണം ബലിയാടായ ആളാണ് താൻ. ശരിപക്ഷവാദമെന്ന ആശയമാണ് ഞാൻ സംഘടനയക്ക് നേരെ ഉയർത്തിയത്. തെറ്റ് ആര് ചെയ്താലും ആ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ്സ് കാണിക്കണമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണ്. കൂട്ടരാജി ഒളിച്ചോട്ടമാണെന്ന് പറയാൻ പറ്റില്ല. ഉത്തരം മുട്ടിയുള്ള രാജിയായാണ് തോന്നുന്നത്. അഞ്ഞൂറിലേറെ പേർ അംഗങ്ങളായ സംഘടനയിൽ വോട്ട് ചെയ്തവരോട് കാണിച്ച ചതിയാണ് രാജി. സംഘടനയിൽ പലർക്കും താൻ കഴിഞ്ഞാൽ പ്രളയമെന്ന ചിന്തയാണ്.
അമ്മ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമാണ് ഇപ്പോളെന്ന് തോന്നുന്നു. ഈ സംഭവങ്ങൾ കാലത്തിൻ്റെ കാവ്യനീതിയെന്ന് അച്ഛന് മനസിൽ തോന്നുന്നുണ്ടാകാം. തന്നോട് ചെയ്തതിനോടൊന്നും പ്രതികാര മനോഭാവത്തോടെ കാണുന്നില്ല. തനിക്ക് അത്തരം ചിന്തകളില്ല. ഇനി നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ് -ഷമ്മി തിലകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.