ഷംനയുടെ മരണം: ചികിത്സപ്പിഴവുകളുടെ പരമ്പരയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്
text_fieldsകൊച്ചി: മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംനയുടെ മരണത്തില്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ആദ്യംമുതലേ നടന്നത് നിരുത്തരവാദ സമീപനം. ഷംനയുടെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. ശശിധരന്‍ മനുഷ്യാവകാശ കമീഷന്‍ മുമ്പാകെ സമര്‍പ്പിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലാണ് ചികിത്സപ്പിഴവുകളുടെ പരമ്പര ചൂണ്ടിക്കാട്ടുന്നത്.
കണ്ണൂര്‍ ശിവപുരം സ്വദേശി അബൂട്ടിയുടെ മകള്‍ ഷംന ജൂലൈ 18നാണ് പനിക്ക് കുത്തിവെപ്പ് എടുത്തതിനത്തെുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. പനിയും ചുമയും അനുഭവപ്പെട്ട ഷംന ജൂലൈ 17ന് വൈകുന്നേരം 4.30നും രാത്രി 11നും കാഷ്വാലിറ്റിയില്‍ ചികിത്സ തേടിയിരുന്നു. ഷംനയെ പരിശോധിച്ച് മരുന്ന് നിര്‍ദേശിച്ചത് ആരെന്നത് സംബന്ധിച്ച് രേഖയൊന്നുമില്ളെന്നാണ് പ്രിന്‍സിപ്പല്‍ അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ചത്.
ജൂലൈ 16 മുതല്‍ 31വരെ ഡ്യൂട്ടിയില്‍ നിയോഗിച്ച ഹൗസ് സര്‍ജന്‍മാരുടെ പട്ടികയാണ് നല്‍കിയത്. ഒരാള്‍ പകലും ഒരാള്‍ രാത്രിയും ഡ്യൂട്ടിയിലുണ്ടായിരിക്കാമെന്നും ഷംനയുടെ ചികിത്സക്കുറിപ്പടിയില്‍ ഹൗസ് സര്‍ജന്‍െറ പേരോ ഒപ്പോ ഇല്ലാത്തതിനാല്‍ ആരാണ് ചികിത്സ നിര്‍ദേശിച്ചതെന്ന് വ്യക്തമല്ളെന്നുമാണ് പ്രിന്‍സിപ്പല്‍ അറിയിച്ചത്. ഗുരുതരമായ രണ്ട് വീഴ്ചകളിലേക്കാണ് ഈ കത്ത് വിരല്‍ ചൂണ്ടുന്നതെന്ന് മെഡിക്കല്‍ വിഗദ്ധര്‍ വിശദീകരിക്കുന്നു. 2009ലെ ഗവ. മെഡിക്കല്‍ കോളജ് മാന്വല്‍ അനുസരിച്ച്, പരിശീലന വിദ്യാര്‍ഥികളായ ഹൗസ് സര്‍ജന്‍മാര്‍ റെസിഡന്‍റ് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലല്ലാതെ ചികിത്സ നിര്‍ദേശിക്കുന്നത് നിയമ വിരുദ്ധമാണ്. രണ്ടാമത്തെ കാര്യം, മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ വാഹനാപകടം പോലുള്ള നിരവധി മെഡിക്കോ ലീഗല്‍ കേസുകള്‍ എത്താറുണ്ട്.
വര്‍ഷങ്ങള്‍ക്കുശേഷമാണ് കോടതിയില്‍നിന്ന് സാക്ഷിമൊഴി നിര്‍ദേശങ്ങള്‍ എത്താറ്. എന്നാല്‍, ചികിത്സിച്ച ഡോക്ടര്‍ ആരെന്ന് അറിയാത്തതും പേരും ഒപ്പുമില്ലാത്ത കുറിപ്പടിയുമെല്ലാം നീതി നടപ്പാക്കുന്നതിന് വിലങ്ങുതടിയാകും.
മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന മകളുടെ മരണം സംബന്ധിച്ച അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജ തുടങ്ങിയവരെ നേരില്‍കണ്ട് പരാതിപ്പെട്ടിട്ടും നീതി ലഭിക്കാതായതോടെയാണ് പിതാവ് അബൂട്ടി മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
ഷംന മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് ഒരുമാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.