തലശ്ശേരിയുടെ തലയെടുപ്പായി സഭാ തലവൻ ഷംസീർ
text_fieldsസ്വന്തം ലേഖകൻ
തലശ്ശേരി: എ.എൻ. ഷംസീർ കേരള നിയമസഭയുടെ നാഥനായി ചുമതലയേറ്റതിന്റെ ആഹ്ലാദത്തിലാണ് ജന്മനാടായ തലശ്ശേരി. സ്പീക്കർ പദവി തലശ്ശേരിയുടെ മാത്രം സന്തോഷമല്ല, ജില്ലയുടെ ആകെയാണ്. കണ്ണൂരിൽനിന്ന് മുഖ്യമന്ത്രിമാർ പലരുമുണ്ടായെങ്കിലും സ്പീക്കർ പദവിയിൽ ഒരാളെത്തുന്നത് ഇതാദ്യം. ഷംസീർ സ്ഥാനമേൽക്കുന്നത് നേരിൽ കാണാൻ കുടുംബാംഗങ്ങളിൽ പ്രധാനപ്പെട്ടവരെല്ലാം തിരുവനന്തപുരത്തെത്തിയിരുന്നു. മാതാവ് സറീന, ഭാര്യ ഡോ. സഹല, മകൻ ഇസാൻ, സഹോദരങ്ങളായ ഷാഹിർ, ആമിന, സഹോദരങ്ങളുടെ മക്കളായ അഹമ്മദ്, സാറ, മുഹമ്മദ് എന്നിവരും മറ്റ് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ബാക്കിയുള്ളവർ സ്ഥാനാരോഹണം ടെലിവിഷനിൽ തൽസമയം കണ്ട് സന്തോഷത്തിൽ പങ്കാളികളായി.
തലശ്ശേരിയിലെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള തറവാട്ടിലാണ് കോമത്ത് ഉസ്മാന്റെയും സറീനയുടെയും മകനായി ഷംസീർ ജനിച്ചത്. മകൻ സഭയുടെ നാഥനായി ഇരിക്കുന്നത് കാണാൻ പിതാവ് ഇല്ല. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവ് ഉസ്മാൻ ഒരു വർഷം മുമ്പാണ് വിട പറഞ്ഞത്. എസ്.എഫ്.ഐയിലൂടെയായിരുന്നു ഷംസീറിന്റെ തുടക്കം. കണ്ണൂർ സർവകലാശാലയുടെ പ്രഥമ ചെയർമാനായത് മുതൽ ശ്രദ്ധനേടി. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിലെത്തിയതിന് പിന്നാലെ വടകരയിൽനിന്ന് ലോക്സഭയിലേക്ക് ആദ്യ അങ്കം. അന്ന് പരാജയപ്പെട്ടെങ്കിലും തൊട്ടുടനെ തലശ്ശേരിയിൽ നിന്ന് നിയമസഭയിലെത്തി. രണ്ടാമതും മത്സരിച്ചപ്പോൾ ഭൂരിപക്ഷം കുത്തനെ കൂട്ടിയാണ് ഷംസീറിനെ തലശ്ശേരി സ്വീകരിച്ചത്. പാർട്ടി നേതൃത്വവുമായി അടുത്ത ബന്ധമുള്ള യുവനേതാവ് എന്നതിനൊപ്പം നാട്ടിലെ എല്ലാകാര്യങ്ങളിലും ഇടപെട്ട് നിൽക്കുന്ന പൊതുപ്രവർത്തകനുമാണ്. സ്പീക്കർ എന്ന നിലക്ക് ഷംസീറിന്റെ ഇടപെടലുകളിലൂടെ വലിയ വികസന പ്രതീക്ഷയിലാണ് പൈതൃകനഗരമായ തലശ്ശേരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.