ദുരന്തത്തിന്റെ ഞെട്ടലിൽ ഷംസുദ്ദീനും കുടുംബവും
text_fieldsകോഴിക്കോട്: ‘‘ഒന്ന് തിരിഞ്ഞുനോക്കാമായിരുന്നു അവർക്കൊക്കെ. എന്തുപറ്റി എന്നന്വേഷിക്കില്ലേ? മരിച്ചുപോയോ എന്നെങ്കിലും. ഉപ്പയും സഹോദരന്റെ മകനും മരിച്ചു. സഹോദരൻ നാസറിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഉപ്പയുടെ മൃതശരീരം ഇന്നലെ രാത്രിയോടെയാ കിട്ടിയത്. നാസറിന്റെ ഭാര്യയുടെ പിതാവും മരിച്ചു. അവന്റെ ഭാര്യയുടെ അനുജത്തിയുടെ മകനും പോയി.
എല്ലാം എന്റെയും സഹോദരന്റെയും വീട്ടിലുണ്ടായിരുന്നവർ. ഒരുമിച്ച് ഭക്ഷണം കഴിച്ചാ ഞങ്ങൾ കിടന്നത്. പിറ്റേന്ന് തീതിന്നുന്ന വേദനയോടെയാണ് ഞങ്ങളെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചത്. ഇന്നലെ രാത്രിയാണ് ഡിസ്ചാർജ് ആയത്. ഉടുതുണിക്ക് മറുതുണിയില്ലാതെയാ ഞങ്ങൾ ഇവിടെ എത്തിയത്.
ഞങ്ങൾക്ക് ഇന്നത് വേണമെന്ന് ആവശ്യപ്പെടാനുള്ള മാനസികാവസ്ഥയൊന്നുമല്ല. ഈ വീട്ടിലുള്ളവരുടെ വസ്ത്രമൊക്കയാ ഇപ്പോൾ ഉപയോഗിക്കുന്നത്’’ -മരണമുഖത്തുനിന്ന് രക്ഷപ്പെട്ട മുണ്ടക്കൈ പടിക്കപറമ്പിൽ ഷംസുദ്ദീന്റെ ഒറ്റപ്പെടലുകളും ദുരിതങ്ങളും കേട്ടിരിക്കണമെങ്കിൽ അത്രമാത്രം മനക്കട്ടി വേണം.
ആശുപത്രി വിട്ട് കുടുംബം ചെറുവറ്റയിലെ ബന്ധുവീട്ടിൽ കഴിയുമ്പോഴും മനസ്സ് വയനാട്ടിലെ തകർന്ന മണ്ണിൽ സഹോദരനു വേണ്ടിയുള്ള തിരച്ചിലിലാണ്. കൺമുന്നിൽ നടന്ന അപകടത്തെത്തുടർന്ന് വീട്ടിലെ പലർക്കും സംസാരിക്കാൻ പോലുമാകുന്നില്ല. രോഗിയായിരുന്ന നാസറിനോട് പിറ്റേന്ന് ആശുപത്രിയിൽ പോകാനുള്ള തയാറെടുപ്പിനെക്കുറിച്ച് പറഞ്ഞാണ് പത്തടി അകലമുള്ള തന്റെ വീട്ടിലേക്ക് കിടക്കാൻ പോന്നതെന്ന് ഷംസുദ്ദീൻ പറഞ്ഞു.
ഉറക്കത്തിൽ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ഷംസുദ്ദീൻ ഭാര്യയെയും മരുമകളെയും പേരക്കുട്ടിയെയും പുറത്തെത്തിച്ച് ഓടി രക്ഷപ്പെടാൻ പറഞ്ഞു. അപ്പോഴേക്കും വീടിനകത്ത് അരക്കൊപ്പം ചളിവെള്ളം കയറി. മകനുള്ളതിനാൽ വീണ്ടും വീടിനകത്തു കയറവെ കൂറ്റൻ മരങ്ങൾ വീടിനു മുകളിൽ പതിഞ്ഞു. ഷംസുദ്ദീനും മകനും ചളിയിലമർന്നു. അപകടസമയത്ത് രക്ഷക്ക് വിളിച്ച് കേണപേക്ഷിച്ചിരുന്നു. ഇതിനകം രണ്ടു പൊട്ടലുകൾ കൂടി നടന്നതായി ഷംസുദ്ദീൻ പറഞ്ഞു.
പിറ്റേന്ന് അഗ്നിരക്ഷ സേനയെത്തിയാണ് ചളിയിൽനിന്ന് പുറത്തെടുത്തത്. ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. തൊട്ടടുത്ത രുഗ്മിണിയുടെയും സുദേവന്റെയും വീട്ടിൽ ഒരാൾപോലും ബാക്കിയായില്ല. ഏറ്റവും മുകളിലുള്ള വീടായതിനാൽ ഒരിക്കലും ഒന്നും സംഭവിക്കില്ല എന്നു കരുതിയതാണ്.
കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ 30 പേർക്ക് അഭയം നൽകിയ വീടായിരുന്നു തന്റേതെന്ന് ഷംസുദ്ദീൻ പറഞ്ഞു. ആ വീട്ടിൽനിന്നാണ് ഇത്രയുംപേർ പോയത്. രണ്ടാമത്തെ പൊട്ടലിന്റെ ശബ്ദം 15 മിനിറ്റോളമുണ്ടായിരുന്നുവെന്നും എല്ലാം പെട്ടെന്നടങ്ങാൻ തണുത്തുവിറച്ച് പ്രാർഥിക്കാനേ കഴിഞ്ഞിരുന്നുള്ളൂവെന്നും ഷംസുദ്ദീൻ പറഞ്ഞു.
മനസ്സു കൂടുതൽ വേദനിക്കാതിരിക്കാൻ സഹോദരൻ നാസറിന്റെ മൃതദേഹം കണ്ടുകിട്ടിയെന്നാണ് വീട്ടുകാരോട് പറഞ്ഞത്. സ്വന്തം കെട്ടിടത്തിൽ നല്ലനിലയിൽ കച്ചവടം നടത്തിവന്ന കുടുംബത്തിന് ഒന്നുമില്ലാതാകാൻ ഇരുണ്ടുവെളുക്കേണ്ട സമയമേ ആവശ്യമുണ്ടായുള്ളൂവെന്ന് ഷംസുദ്ദീന്റെ ഭാര്യ പറഞ്ഞു. കുടുംബത്തിന്റെ ദൈന്യതയറിഞ്ഞ് കുറ്റിച്ചിറയിലെ പൊതുപ്രവർത്തകൻ ഹാഷിം കടാക്കലകം സഹായവുമായെത്തിയതാണ് വേദനയിലും ഇവർക്ക് ആശ്വാസമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.