ഷാൻ വധക്കേസ്: ഹൈകോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ ഒളിവിൽ; ജാമ്യക്കാർക്ക് നോട്ടീസ്
text_fieldsആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ്. ഷാനിനെ വധിച്ച കേസിൽ ഹൈകോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ ഒളിവിൽ. ഇവർ വ്യാഴാഴ്ച കോടതിയിൽ കീഴടങ്ങാൻ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതികളുടെ ജാമ്യക്കാർക്ക് നോട്ടീസ് അയക്കാൻ ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി-മൂന്ന് ജഡ്ജി എസ്. അജികുമാർ ഉത്തരവിട്ടു. പ്രതികളുടെയും വാദിയുടെയും അഭിഭാഷകരുടെ വാദമുഖങ്ങൾ കേട്ടശേഷം തുടർനടപടിക്കായി കേസ് ജനുവരി ഏഴിലേക്ക് മാറ്റി.
കുറ്റകൃത്യ ത്തിൽ നേരിട്ട് പങ്കാളികളായ, കേസിലെ രണ്ടുമുതൽ ആറുവരെയുള്ള പ്രതികളായ ആലപ്പുഴ കോമളപുരം അവലൂകുന്ന് തൈവെളിവീട് വിഷ്ണു, പൊന്നാട് കുന്നുമ്മന്മേലിൽ സനന്ദ്, മാരാരിക്കുളം സൗത്ത് കടുവെട്ടിയിൽ വീട്ടിൽ അഭിനന്ദു, മണ്ണഞ്ചേരി കോമളപുരം ഒറ്റക്കണ്ടത്തിൽ അതുൽ, സൗത്ത് ആര്യാട് കിഴക്കേവെളിയത്ത് ധനീഷ് എന്നിവരുടെ ജാമ്യമാണ് ഹൈകോടതി റദ്ദാക്കിയത്. ഇവർ കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ കോടതി വീണ്ടും വാറന്‍റ് പുറപ്പെടുവിച്ചു.
കേസിൽ 11 പേരാണ് പ്രതികളായിട്ടുള്ളത്. ഇതിൽ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രസാദ്, കൊക്കോതമംഗലം സ്വദേശി മുരുകേശൻ, പൊന്നാട് സ്വദേശി പ്രണവ് എന്നിവർ കോടതിയിൽ ഹാജരായി. അസുഖബാധിതനായതിനാൽ പ്രതികളായ കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കാട്ടൂര്‍ സ്വദേശി രതീഷ് എന്നിവർ എത്തിയിരുന്നില്ല. സ്പെഷൽ പ്രോസിക്യൂട്ടർ പി.പി. ഹാരിസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.