ഷാൻ വധക്കേസ്; ഇതിനകം 13 സംഘ്പരിവാർ പ്രവർത്തകർ പിടിയിൽ
text_fieldsഎസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ് ഷാനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ് പ്രാദേശിക നേതാക്കൾ അടക്കം 13 സംഘ്പരിവാർ പ്രവർത്തകർ ഇതിനകം അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഷാൻ വധക്കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരുള്‍പ്പെടെയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൂഡാലോചന നടത്തിയ ഒരാളും പ്രതികളെ ഒളിപ്പിച്ച രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാൻ കൊല്ലപ്പെട്ട് ആറ് ദിവസമാകുമ്പോഴാണ് പ്രധാന പ്രതികൾ പൊലീസ് പിടിയിലാകുന്നത്. അതുൽ, വിഷ്ണു, അഭിമന്യു, സാനന്ത്, ജിഷ്‌ണു എന്നിവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്.
പ്രതികളെ ഒളിവിൽ താമസിപ്പിച്ച ചാലക്കുടി സ്വദേശികളായ സുരേഷ്, ഉമേഷ്, ഗൂഢാലോചനയിൽ പങ്കെടുത്ത ധനേഷ് എന്നിവരെയുമാണ് പൊലീസ് പിടികൂടിയത്. എല്ലാവരും ആർ.എസ്.എസിന്‍റെ സജീവ പ്രവർത്തകരാണ്. പ്രതികളെ സേവാഭാരതിയുടെ ആംബുലൻസിൽ രക്ഷപ്പെടുത്തിയ ചേർത്തല സ്വദേശി അഖിലിന്‍റെ അറസ്റ്റാണ് കേസിൽ നിർണായകമായത്. അതേസമയം ബി.ജെ.പി നേതാവ് രഞ്ചിത്ത് വധക്കേസിൽ പ്രധാന പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. ഇവർക്കായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ട്.
ആർ.എസ്.എസിലെയും എസ്.ഡി.പി.ഐയിലെയും കുറ്റവാളികളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കാൻ ഡി.ജി.പി നിർദേശം നൽകി. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും ഡി.ജി.പി അനില്‍കാന്ത് വ്യക്തമാക്കി. അതേസമയം, ബി.ജെ.പി നേതാവ് രഞ്ചിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾ സംസ്ഥാനം വിട്ടതായി എ.ഡി.ജി.പി വിജയ് സാഖറെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.