ഷാൻ വധം രണ്ട് മാസത്തെ ആസൂത്രണത്തിനൊടുവിൽ; ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലയ്ക്കുള്ള പ്രതികാരമെന്ന് റിമാൻഡ് റിപ്പോർട്ട്
text_fieldsആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനെ കൊലചെയ്തത് വ്യക്തമായ ആസൂത്രണത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ട്. രണ്ട് മാസം മുമ്പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുകൃഷ്ണ (22) കൊല്ലപ്പെട്ടതിന്‍റെ പ്രതികാരമായാണ് ഷാനെ കൊലപ്പെടുത്തിയതെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ആർ.എസ്.എസ് ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ ഈമാസം 15നാണ് ഏറ്റവുമൊടുവിൽ ഗൂഢാലോചന നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഷാനിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് ആർ.എസ്.എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. മണ്ണഞ്ചേരി പഞ്ചായത്ത് 14ാം വാർഡിൽ ആര്യാട് ഒറ്റക്കണ്ടത്തിൽ ഒ.എസ്. അതുൽ (27), ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ് അവലൂകുന്ന് തൈവെളിവീട്ടിൽ കെ. വിഷ്ണു (28), മൂന്നാം വാർഡ് കിഴക്കേവേലിയകത്ത് വീട്ടിൽ ഡി. ധനേഷ് (25), മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ കാട്ടൂർ കാടുവെട്ടിയിൽ വീട്ടിൽ കെ.യു. അഭിമന്യു (27), മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡിൽ പൊന്നാട് കുന്നുമ്മേൽ വെളിവീട്ടിൽ കെ.യു. സനന്ദ് (36), തൃശൂർ കലൂർ വില്ലേജിൽ തൃക്കൂർ പഞ്ചായത്ത് 11ാംവാർഡിൽ മുട്ടിതടിയിൽ കല്ലൻകുന്നേൽ വീട്ടിൽ സുരേഷ് എന്ന സുധീഷ് (49), തൃക്കൂർ പഞ്ചായത്ത് 11ാം വാർഡ് മുട്ടിതടിയിൽ മംഗലത്ത് വീട് ഉമേഷ് (27) എന്നിവരെയാണ് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇതിൽ അതുൽ, വിഷ്ണു, ധനേഷ്, അഭിമന്യു, സനന്ദ് എന്നിവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തി. നേരേത്ത കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഷാനിെൻറ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി തെളിഞ്ഞത്. പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയതിനാണ് തൃശൂർ സ്വദേശികളായ സുധീഷിനെയും ഉമേഷിനെയും അറസ്റ്റ് ചെയ്തത്. ഇതോടെ, ഷാനിെൻറ കൊലപാതവുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരാണ് അറസ്റ്റിലായത്.
18ന് രാത്രിയാണ് ഷാനിനെ കാറിലെത്തിയ അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീട്ടിലേക്ക് ഇരച്ചുകയറിയ അക്രമിസംഘം ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനെയും വെട്ടിക്കൊന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.