ഷാൻ വധം: ആർ.എസ്.എസ് കാര്യാലയത്തിൽ തെളിവെടുപ്പ്; പ്രതികൾ സംസ്ഥാനം വിട്ടതായി എ.ഡി.ജി.പി
text_fieldsആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ പ്രതികളുമായി ആർ.എസ്.എസ് ജില്ല കാര്യാലയത്തിൽ തെളിവെടുപ്പ്. സംഭവശേഷം കാര്യാലയത്തിലെത്തി ഒളിവിൽ കഴിഞ്ഞ സാഹചര്യത്തിലാണ് പ്രതികളായ രാജേന്ദ്രപ്രസാദ്, രതീഷ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തത്. കൊല ആസൂത്രണം ചെയ്തതടക്കം കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇവർ റിമാൻഡിലായിരുന്നു.
ആലപ്പുഴ തത്തപ്പള്ളിയിലെ ആർ.എസ്.എസ് ജില്ല കാര്യാലയത്തിൽനിന്നാണ് പ്രതികൾ പിടിയിലായത്. കൊലപാതക ഗൂഢാലോചന കാര്യാലയത്തിലാണോ നടന്നതെന്ന് വ്യക്തമല്ല. ഇവർ ഒളിച്ചുകഴിഞ്ഞുവെന്ന് കണ്ടെത്തിയ കാര്യാലയത്തിലെ മുറികളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. മറ്റ് മുറികളും പൊലീസ് പരിശോധിച്ചു. കർശന പൊലീസ് സുരക്ഷയിലാണ് പ്രതികളെ അവിടെ എത്തിച്ചത്.
കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ചതിന് അറസ്റ്റിലായ ആംബുലൻസ് ഡ്രൈവർ ചേർത്തല നഗരസഭ 27ാം വാർഡിൽ നികർത്തിൽ വീട്ടിൽ അഖിലിനെ (30) കോടതിയിൽ ഹാജരാക്കി. ഷാനെ കൊലപ്പെടുത്തിയ സംഘം വന്ന കാർ കണിച്ചുകുളങ്ങരയിൽ ഉപേക്ഷിച്ചശേഷം അഖിൽ ഓടിച്ച സേവാഭാരതിയുടെ ആംബുലൻസിൽ രക്ഷപ്പെടുകയായിരുന്നു. ആംബുലൻസ് കസ്റ്റഡിയിൽ എടുത്തു.
അതിനിടെ, ബി.ജെ.പി നേതാവ് രഞ്ജിത്ത് വധക്കേസിൽ റിമാൻഡിലായ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിൽ കിട്ടിയേക്കും. ഇരു കൊലപാതകത്തിലും നേരിട്ട് പങ്കെടുത്തവരെല്ലാം ഒളിവിലാണ്. 12 പേരാണ് ആറ് ബൈക്കിലെത്തി രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ഷാനെ കൊന്നത് കാറിലെത്തിയ അഞ്ചംഗ സംഘവും.
അതിനിടെ, രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികൾ കേരളത്തിന് പുറത്തേക്ക് കടന്നതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന എ.ഡി.ജി.പി വിജയ് സാഖറെ. രണ്ടു കൊലപാതകങ്ങളിലെയും പ്രതികൾ എല്ലാവരെയും തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും സംസ്ഥാനം വിട്ട പ്രതികളെ പിടികൂടാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തെ സംസ്ഥാനത്തിന് പുറത്തേക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനതല നേതാക്കൾക്കും ഗൂഢാലോചനയിൽ പങ്കുണ്ടായേക്കാം. അത് പരിശോധിക്കുന്നുവെന്നും എ.ഡി.ജി.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.