ഷാൻ വധം: ആർ.എസ്.എസ് ജില്ല പ്രചാരക് അറസ്റ്റിൽ
text_fieldsആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാന്‍റെ കൊലപാതക കേസിൽ ആർ.എസ്.എസ് ആലുവ ജില്ല പ്രചാരക് അറസ്റ്റിൽ. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത് 13ാംവാർഡിൽ കുറുങ്ങാടത്ത് കെ.വി. അനീഷിനെയാണ് (39) ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഷാനെ കൊലപെടുത്താൻ ഗൂഢാലോചന നടത്തിയ ആർ.എസ്.എസ് നേതാക്കൾക്ക് ആലുവയിലെ ആർ.എസ്.എസ് കാര്യാലയത്തിൽ ഒളിത്താവളം ഒരുക്കിയതടക്കമുള്ള സഹായം നൽകിയതിനാണ് ഇയാൾ പിടിയിലായത്. അന്വേഷണ സംഘം വിളിച്ചുവരുത്തിയശേഷം ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതോടെ, ഷാൻ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. അതേസമയം, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതൽപേർ പിടിയിലാകുമെന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്. ഷാൻ, രഞ്ജിത്ത് വധവുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നതരിലേക്കും നീങ്ങുന്നുണ്ട്.
കണ്ണൂരിൽനിന്നുള്ള ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ജില്ലയിലെത്തിയ അതേദിവസമാണ് ഷാന്‍റെ കൊലപാതകം നടന്നുവെന്നതടക്കമുള്ള കാര്യവും പൊലീസ് പരിശോധിക്കും. അറസ്റ്റിലായ ആർ.എസ്.എസ് ജില്ല പ്രചാരകിൽനിന്ന് കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയുണ്ട്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ കണ്ടെത്തുന്നതിനൊപ്പം രാഷ്ട്രീയ കൊലപാതകത്തിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കാളികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കൃത്യത്തിൽ പങ്കെടുത്തവരും ഇവർക്ക് സഹായം നൽകിയവരെയും പിടികൂടാൻ പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്.
ഡിസംബർ 18ന് രാത്രി 7.30ന് മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിലാണ് വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനെ (38) പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമായാണ് ഷാനെ വധിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി മാസങ്ങളുടെ ഗൂഢാലോചനയും നടന്നു.
ഷാൻ വധക്കേസിൽ ആദ്യം അറസ്റ്റിലായ രാജേന്ദ്രപ്രസാദും രതീഷും ആർ.എസ്.എസ് കാര്യാലയത്തിൽ ജില്ല പ്രചാരകിന്റെ മുറിയിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.