ഷാൻ വധം: ആർ.എസ്.എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കും -പൊലീസ്
text_fieldsആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനിന്റെ കൊലപാതകത്തിൽ ഗൂഢാലോചനയടക്കം ആർ.എസ്.എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ്. ആലപ്പുഴ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണപുരോഗതി സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാൻ വധത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചുപേരടക്കം മുഖ്യപ്രതികളെ കണ്ടെത്തിയിട്ടുണ്ട്. ഇനി ഗൂഢാലോചനയടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം മുന്നോട്ടുപോകും. ഗൂഢാലോചന ആരിലേക്ക്, എവിടെവരെ എത്തുമെന്ന് ഇപ്പോൾ പറയാനാകില്ല.
ആയതിനാൽ ഇനിയും പ്രതികളുടെ എണ്ണം കൂടും. ആരുടെ നിർദേശപ്രകാരമാണ് കൊലപാതകമെന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്തണം. കുറച്ച് പ്രതികളെക്കൂടി കണ്ടെത്താനായിട്ടുണ്ട്. അവരെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമവുമായി മുന്നോട്ടുപോകും.
ഗൂഢാലോചന തെളിയിക്കുന്നത് പ്രതികളുടെ മൊഴിയുടെയും ബാക്കി തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് കണ്ടെത്തൽ. കൃത്യം നടത്തിയശേഷം ആർ.എസ്.എസ് കാര്യാലയത്തിലാണ് പ്രതികൾ എത്തിയത്. ഇത് നേതൃത്വത്തിന്‍റെ അറിവോടെയാണോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും.
അത് ഏതറ്റംവരെ പോകുമെന്ന് വഴിയേ മനസ്സിലാകും. സി.സി ടി.വി ദൃശ്യത്തിൽ ഉൾപ്പെട്ട അഞ്ച് പ്രതികളെക്കൂടാതെ സഹായം നൽകിയവരടക്കമുള്ളവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
രഞ്ജിത് വധത്തിൽ ചില പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിനെ ബാധിക്കുമെന്നതിനാൽ വിശദാംശം ഇപ്പോൾ പുറത്തുവിടാനാകില്ല. കുറ്റകൃത്യത്തിന് സഹായിച്ചവരടക്കം ഈ കേസിൽ പിടിയിലായവരെ വിശദമായി ചോദ്യംചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.