സംവിധായകൻ ഷാനവാസിനെ കൊച്ചിയിൽ എത്തിച്ചു; നില ഗുരുതരം
text_fieldsകൊച്ചി: ഹൃദയാഘാതത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ 'സൂഫിയും സുജാതയും' സിനിമയുടെ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കോയമ്പത്തൂരിൽനിന്ന് കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില അതിഗുരുതരമായി തുടരുകയാണ്.
വെൻറിലേറ്റർ സൗകര്യമുള്ള പ്രത്യേക ആംബുലൻസിൽ ബുധനാഴ്ച വൈകീട്ട് ആറിന് കോയമ്പത്തൂരിലെ കെ.ജി ആശുപത്രിയിൽനിന്ന് പുറപ്പെട്ട് രാത്രി ഒമ്പതോടെയാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ചത്. നാട്ടുകാരും പൊലീസും ചേർന്ന് സോഷ്യൽ മീഡിയയുടെ സഹായത്തോടെയാണ് ട്രാഫിക് ക്രമീകരണമൊരുക്കിയത്. വാളയാറിൽനിന്ന് വടക്കഞ്ചേരി, പാലിയേക്കര, ചാലക്കുടി, അങ്കമാലി വഴി ഒന്നരമണിക്കൂർ കൊണ്ട് കൊച്ചിയിൽ എത്തിച്ചു.
കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ പുതിയ സിനിമയുടെ ജോലിക്കിടെയാണ് മലപ്പുറം പൊന്നാനി നരണിപ്പുഴ സ്വദേശിയായ ഷാനവാസിന് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് സുഹൃത്തുക്കൾ കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യാത്രാമധ്യേ ആംബുലൻസിൽവെച്ച് രക്തസ്രാവവുമുണ്ടായി.
ഇതിനിടെ, ഷാനവാസ് മരിച്ചതായി വ്യാഴാഴ്ച ഉച്ചയോടെ സിനിമ സാങ്കേതികപ്രവർത്തകരുടെ കൂട്ടായ്മായ ഫെഫ്കയുടെ ഫേസ്ബുക്ക് പേജിലും തുടർന്ന് മാധ്യമങ്ങളിലും വാർത്ത പ്രചരിച്ചു. കുടുംബാംഗങ്ങൾ ഇത് നിഷേധിക്കുകയും ഷാനവാസ് വെൻറിലേറ്ററിലാണെന്നും ഹൃദയമിടിപ്പ് നിലച്ചിട്ടില്ലെന്നും അദ്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്നും സംവിധായകൻ വിജയ്ബാബു ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞതോടെ ഷാനവാസിനെ സുഹൃത്തുക്കൾ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.