അഭിമാനക്ഷതമുണ്ടായെന്ന് കോൺഗ്രസ് വനിത നേതാക്കൾ; ‘പൊലീസ് മുറിയിലേക്ക് ഇരച്ചുകയറി, വസ്ത്രങ്ങൾ വലിച്ച് പുറത്തിട്ടു’
text_fieldsപാലക്കാട്: കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറിയിൽ അർധരാത്രിയിൽ നടന്ന പൊലീസ് പരിശോധനയിൽ രൂക്ഷ പ്രതികരണവുമായി ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും. മുറിയിലുള്ള വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയെന്ന് ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും മാധ്യമങ്ങളോട് പറഞ്ഞു. വളരെ മോശം പെരുമാറ്റമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് വനിത നേതാക്കൾ വ്യക്തമാക്കി.
മൂന്നര പതിറ്റാണ്ടായി രാഷ്ട്രീയത്തിലുണ്ടെന്നും ഇതാദ്യമായാണ് സ്ത്രീ എന്ന രീതിയിൽ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയുണ്ടായതെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. 12 മണി കഴിഞ്ഞപ്പോഴാണ് ആരോ വാതിലിൽ മുട്ടിയത്. അത് കഴിഞ്ഞ് വാതിലിൽ തള്ളി. മുറിയുടെ ബെല്ലടിച്ച ശേഷം മുറി തുറക്കണമെന്ന് ആവശ്യപ്പെട്ടു. നാല് പുരുഷ പൊലീസുകാർ യൂനിഫോമിൽ ഉണ്ടായിരുന്നു.
വസ്ത്രം മാറിയ ശേഷം താൻ പുറത്തുവന്നു. യൂനിഫോം ഇല്ലാത്തവരും കൂട്ടത്തിൽ ഉണ്ടായിരുന്നതിനാൽ തിരിച്ചറിയൽ കാർഡ് ചോദിച്ചു. അവർ കാർഡ് കാണിച്ചില്ല. വനിത പൊലീസ് ശരീരപരിശോധന നടത്തി. വസ്ത്രങ്ങളടക്കം മുഴുവൻ സാധനങ്ങളും എടുത്ത് വെളിയിലിട്ട് പരിശോധിച്ചു. ശുചിമുറിയിലും കിടക്കക്കുള്ളിലും പരിശോധിച്ചു. 15 ദിവസമായി താമസിക്കുന്ന മുറിയാണ്. പരിശോധിച്ചതിന്‍റെ വിവരങ്ങൾ എഴുതിത്തരണമെന്ന് പറഞ്ഞെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ഷാനിമോൾ വ്യക്തമാക്കി.
മുറി തുറക്കാത്തതിൽ ദുരൂഹത സംശയിച്ചെന്ന് സി.പി.എം രാജ്യസഭ എം.പി എ.എ. റഹീമിന്‍റെ പ്രസ്താവനയോട് ഷാനിമോൾ രൂക്ഷമായി പ്രതികരിച്ചു. 'റഹീമിന്‍റെ സംസ്‌കാരമല്ല എന്‍റെ സംസ്‌കാരം എന്ന് മനസിലാക്കണം. എന്‍റെ മുറി എപ്പോൾ തുറക്കണമെന്ന് ഞാൻ തീരുമാനിക്കും. അർധരാത്രി വെളിയിൽ നാലു പുരുഷ പൊലീസുകാർ നിൽക്കുമ്പോൾ ഞാൻ കതക് തുറക്കണമെന്ന് പറയാൻ അയാൾക്ക് നാണമില്ലേ. അയാളോട് പുച്ഛവും സഹതാപവും തോന്നിയ ദിവസമായിരുന്നു ഇന്നലത്തേത്.
ഒറ്റക്ക് താമസിക്കുകയും യാത്ര ചെയ്യുകയും ഒക്കെ ചെയ്യുന്ന സ്ത്രീകളാണ് ഞങ്ങൾ. ഞങ്ങളെ മാതൃകയാക്കുന്ന സ്ത്രീകളൊക്കെ ഈ അസമയത്തെ പരിശോധനയും മറ്റും കാണുകയല്ലേ. കേരളത്തിൽ ഒരു പുതിയ സംസ്‌കാരം ഉണ്ടാക്കാനൊന്നും ഞങ്ങൾ സമ്മതിക്കില്ല. കേരളത്തെ 25 വർഷം പുറകോട്ട് കൊണ്ടുപോകുന്ന നടപടിയാണിത്. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകും'-ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.
സ്ത്രീകളെന്ന രീതിയിൽ വലിയ അഭിമാനക്ഷതമുണ്ടായെന്ന് ബിന്ദു കൃഷ്ണയും പ്രതികരിച്ചു. ഉറങ്ങിക്കിടന്നപ്പോൾ മുറിക്ക് പുറത്ത് പുരുഷന്മാരുടെ വലിയ ബഹളം കേട്ടു. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു. ആരോ ബെല്ലടിച്ചു. വാതിൽ തുറന്നപ്പോൾ പൊലീസായിരുന്നു. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. ഞാനും ഭർത്താവുമാണ് മുറിയിലുണ്ടായിരുന്നത്.
പൊലീസ് മുറിയിലേക്ക് ഇരച്ചുകയറി. നാലു പെട്ടികൾ മുറിയിലുണ്ടായിരുന്നു. വസ്ത്രം മുഴുവൻ വലിച്ച് പുറത്തിട്ടു. എല്ലാം പരിശോധിക്കാൻ ഞാൻ പറഞ്ഞു. പരിശോധന കഴിഞ്ഞപ്പോൾ ഒന്നും കിട്ടിയില്ലെന്ന് എഴുതിത്തരാൻ പറഞ്ഞു. വലിയ ഗൂഢാലോചനയാണ് നടന്നത്. അങ്ങേയറ്റം നീതി നിഷേധമാണുണ്ടായതെന്നും ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ ഇന്നലെ അർധരാത്രിയിലാണ് പൊലീസ് പരിശോധന നടന്നത്. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. 12 മുറികൾ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി അറിയിച്ചു.
ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കൾ താമസിക്കുന്ന മുറികളിൽ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് സംഘം പരിശോധനക്ക് എത്തിയത് വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.