കെ. സുധാകരനെതിരായ വിമർശനത്തിൽ ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ കെ.സുധാകരനെ വിമർശിച്ചതിന് പിന്നാലെ സംഭവത്തിൽ ക്ഷമ ചോദിച്ച് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ . ഷാനിമോളിന്‍റെ പ്രസ്താവന വിവാദമായതിനെ തുടർന്നാണ് ക്ഷമാപണമെന്നാണ് സൂചന. പ്രസ്താവന സുധാകരന് വിഷമമുണ്ടാക്കിയെങ്കിൽ ക്ഷമചോദിക്കുന്നുവെന്ന് ഷാനി മോൾ ഉസ്മാൻ പറഞ്ഞു.
സുധാകരനുമായി സംസാരിക്കാതെ പ്രതികരിച്ചത് തെറ്റായി. തെന്റ പ്രസ്താവനക്ക് മറ്റ് നേതാക്കളുമായി ബന്ധമില്ലെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാനിമോൾ ഉസ്മാന്റെ പ്രതികരണം.
ഷാനിമോൾ ഉസ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം
കഴിഞ്ഞ ദിവസം ഞാൻ ബഹുമാന്യ ശ്രീ കെ സുധാകരൻ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലിൽ നൽകിയ പ്രതികരണം വലിയ വിവാദമായതിൽ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരൻ എന്നെയും ശ്രീ V. S ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവൻ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമർശങ്ങൾ ഞാനടക്കം ഉള്ളവർക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നിൽക്കുന്നത് കൊണ്ട്, എന്‍റെ പാർട്ടിയുടെ ആരും ഇത്തരത്തിൽ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാൽ ബഹു. K. സുധാകരൻ എംപി യോട് ഒന്ന് ഫോണിൽ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്‍റെ പിഴവാണ്. എന്‍റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പിന്തുണയും പ്രോത്സാഹനവും നൽകുകയും അരൂർ ബൈ ഇലക്ഷനിൽ പോലും ദിവസങ്ങളോളം എന്‍റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ബഹു കെ സുധാകരൻ അവർക്കൾക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായ പ്രയാസത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു, ഞാൻ നടത്തിയ പ്രതികരണത്തിൽ പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു, ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സുധാകരൻ ആരെയും അപമാനിച്ചില്ലെന്ന് ചെന്നിത്തല
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.പി.സി.സി വർക്കിങ്പ്രസിഡൻറ് കെ. സുധാകരൻ എം.പി നടത്തിയ വിവാദ പരാമർശത്തിൽ മലക്കംമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരൻ ആരെയും അപമാനിച്ചിട്ടില്ലെന്ന് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ഇത്തരം പരാമർശം ഒഴിവാക്കണം'എന്നായിരുന്നു വ്യാഴാഴ്ച ചെന്നിത്തല വാർത്തസമ്മേളനത്തിൽ പ്രതികരിച്ചത്. എന്നാൽ, പൊതുവായി പറഞ്ഞതാണെന്നാണ് വെള്ളിയാഴ്ചത്തെ വിശദീകരണം. സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല. താൻ പറഞ്ഞതിനെ വേറെ രീതിയിൽ ചിത്രീകരിച്ചതാണ്. എത്രയോ വർഷമായി രാഷ്ട്രീയരംഗത്തുള്ള സുധാകരൻ പാർട്ടിക്ക് മുതൽക്കൂട്ടാണ്. ആലങ്കാരികമായി മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂർത്തിനെയും പറ്റിയാണ് അദ്ദേഹം പറഞ്ഞത്. നല്ല അനുയായിവൃന്ദമുള്ള നേതാവു കൂടിയാണ് സുധാകരനെന്ന് ചെന്നിത്തല പറഞ്ഞു. ഈ വിവാദം അവസാനിപ്പിക്കണമെന്നും തെറ്റിദ്ധാരണജനകമായാണ് വാർത്തകൾ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.