ഇടത് സര്‍ക്കാര്‍ സ്ത്രീ സുരക്ഷ അപകടത്തിലാക്കിയെന്ന് ഷാനിമോള്‍ ഉസ്മാന്‍
text_fieldsകണ്ണൂര്‍: സ്ത്രീസുരക്ഷയെക്കുറിച്ച് പറഞ്ഞ് അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ സ്ത്രീ സുരക്ഷ അപകടാവസ്ഥയിലാക്കിയിരിക്കുകയാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍. ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ എം.എൽ.എയായ പി.കെ ശശി പീഡിപ്പിച്ചുവെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി.ബി അംഗം വൃന്ദാകാരാട്ടിനും പരാതി നല്‍കിയപ്പോള്‍ ആ പരാതി പൊലീസിന് കൈമാറാതെ പൂഴ്ത്തിവെച്ച് ഒത്തു തീര്‍പ്പിന് ശ്രമിച്ചത് കുറ്റകരമാണെന്നും അവര്‍ കണ്ണൂരില്‍ പറഞ്ഞു.
നീതി ന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ അതിന് തുനിയാതെ വേലിതന്നെ വിളവ് തിന്നുന്നത് പോലെ പൊലീസിനെയും മറ്റ് നീതി നിര്‍വ്വഹണ സ്ഥാപനങ്ങളെയും ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് നിയമമന്ത്രിയായ എ.കെ ബാലനെ പീഡനപരാതി അന്വേഷിക്കാന്‍ കമീഷനായി നിയമിച്ചതിലൂടെ വ്യക്തമാവുകയാണ്. എത്രയും പെട്ടെന്ന് പി കെ ശശിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി ഏത് കമ്മീഷനെ വെച്ചാലും പ്രശ്‌നമില്ല. പാര്‍ട്ടി നേതാവും നിയമ സഭാസാമാജികനുമായ ആള്‍ക്കെതിരെ സ്ത്രീയോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ഉയര്‍ന്നിട്ടുള്ള ആരോപണം അന്വേഷണം നടത്തേണ്ടത് പാര്‍ട്ടിയല്ല. പാര്‍ട്ടിക്കാര്യം മാത്രമെ പാര്‍ട്ടി അന്വേഷിക്കേണ്ടതുള്ളു. അല്ലാതെ പീഡനപരാതി ഉയര്‍ന്നപ്പോള്‍ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ രണ്ട് പേരെ നിയോഗിച്ചത് നിയമ സാധുതയില്ലാത്തതാണ്. സി.പി.എം നിലപാട് നിയമ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.