‘എ.എ റഹീമിന്റെ സംസ്കാരമല്ല എന്റേത്; മുറി എപ്പോൾ തുറക്കണമെന്ന് ഞാൻ തീരുമാനിക്കും’; തുറന്നടിച്ച് ഷാനിമോൾ ഉസ്മാൻ
text_fieldsപാലക്കാട്: മുറിയിൽ പരിശോധന നടത്താൻ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന സി.പി.എം നേതാവും രാജ്യസഭ എം.പിയുമായ എ.എ റഹീമിന്റെ ആരോപണത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. എ.എ റഹീമിന്റെ സംസ്കാരമല്ല തന്റേതെന്നും മുറി എപ്പോൾ തുറക്കണമെന്ന് താൻ തീരുമാനിക്കുമെന്നും ഷാനിമോൾ ഉസ്മാൻ തുറന്നടിച്ചു.
'റഹീമിന്റെ സംസ്കാരമല്ല എന്റെ സംസ്കാരം എന്ന് മനസിലാക്കണം. എന്റെ മുറി എപ്പോൾ തുറക്കണമെന്ന് ഞാൻ തീരുമാനിക്കും. അർധരാത്രി വെളിയിൽ നാലു പുരുഷ പൊലീസുകാർ നിൽക്കുമ്പോൾ ഞാൻ കതക് തുറക്കണമെന്ന് പറയാൻ അയാൾക്ക് നാണമില്ലേ. അയാളോട് പുച്ഛവും സഹതാപവും തോന്നിയ ദിവസമായിരുന്നു ഇന്നലത്തേത്.
ഒറ്റക്ക് താമസിക്കുകയും യാത്ര ചെയ്യുകയും ഒക്കെ ചെയ്യുന്ന സ്ത്രീകളാണ് ഞങ്ങൾ. ഞങ്ങളെ മാതൃകയാക്കുന്ന സ്ത്രീകളൊക്കെ ഈ അസമയത്തെ പരിശോധനയും മറ്റും കാണുകയല്ലേ. കേരളത്തിൽ ഒരു പുതിയ സംസ്കാരം ഉണ്ടാക്കാനൊന്നും ഞങ്ങൾ സമ്മതിക്കില്ല. കേരളത്തെ 25 വർഷം പുറകോട്ട് കൊണ്ടു പോകുന്ന നടപടിയാണിത്. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകും' -ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.
ഷാനി മോള് ഉസ്മാന്റെ മുറി പരിശോധിക്കാൻ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് എ.എ റഹീം മാധ്യമങ്ങളോട് പറഞ്ഞത്. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവർ പരിശോധനയിൽ സഹകരിച്ചെങ്കിലും ഷാനിമോള്‍ സഹകരിച്ചില്ലെന്നും റഹീം ആരോപിച്ചു.
പൊലീസ് എത്തിയപ്പോൾ ഷാനിമോൾ ഉസ്മാന്റെ മുറി തുറക്കാതെ സംഘർഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനാണ്. സംഭവത്തിൽ അന്വേഷണം വേണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു.
ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ ഇന്നലെ അർധരാത്രിയിൽ പൊലീസ് പരിശോധന നടന്നത്. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. 12 മുറികൾ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി അറിയിച്ചു.
ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കൾ താമസിക്കുന്ന മുറികളിൽ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.