മകളേ നിനക്ക് വേണ്ടി..
text_fieldsമഞ്ചേരി: മകൾക്ക് വേണ്ടി നീതി നടപ്പാക്കിയ പിതാവ്- ഇന്നലെ വിട പറഞ്ഞ എളങ്കൂർ ചാരങ്കാവ് ചോണംക്കോട്ടിൽ ശങ്കരനാരായണൻ (75) ഇങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. മകൾ കൃഷ്ണപ്രിയയെ ജീവന് തുല്യം സ്നേഹിച്ച ആ പിതാവ്, മകളെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതിയോട് ക്ഷമിക്കാൻ തയാറായിരുന്നില്ല. നിയമത്തിന് മുന്നിൽ കുറ്റക്കാരനായെങ്കിലും സമൂഹത്തിന് മുന്നിൽ ശങ്കരനാരായണന് ഹീറോ പരിവേഷമായിരുന്നു. 2001 ഫെബ്രുവരി ഒമ്പതിനാണ് ശങ്കരനാരായണന്‍റെ മകൾ കൃഷ്ണപ്രിയ (13) കൊല്ലപ്പെടുന്നത്.
രണ്ട് ആൺമക്കൾക്ക് ശേഷം ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിക്കും ജനിച്ച ഏക മകൾ. ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്ന കൃഷ്ണപ്രിയയെ സ്കൂൾ വിട്ടുവരുന്നതിനിടെ കാണാതാവുകയായിരുന്നു. നാട് ഒന്നാകെ അവളെ തിരഞ്ഞു. ഒടുവിൽ വീടിന് 200 മീറ്ററകലെ കുറ്റിക്കാട്ടിൽ തന്‍റെ ‘മാളു’വിന്റെ പിച്ചിച്ചീന്തപ്പെട്ട ചേതനയറ്റ ദേഹം പെട്രോമാക്സ് വെളിച്ചത്തിൽ തിരിച്ചറിയുമ്പോൾ ശങ്കരനാരായണൻ തളർന്ന് പോയി. കൃഷ്ണപ്രിയയെ തിരയാനും മറ്റും മുൻപന്തിയിലുണ്ടായിരുന്ന അയല്‍വാസി എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ ബലാത്സംഗത്തിനിരയാക്കി അവളെ കൊലപ്പെടുത്തുകയായിരുന്നെന്ന വാർത്ത കേട്ട് നാട് നടുങ്ങി.
മുഹമ്മദ് കോയയെ അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടി. നീതിപീഠത്തിൽ വിശ്വാസമർപ്പിച്ച് ശങ്കരനാരായണൻ കാത്തിരുന്നു. മകളോടൊപ്പം ഉറങ്ങിയിരുന്ന കിടക്കയിൽ കൃഷ്ണപ്രിയ മരിച്ച ശേഷം പിന്നീടൊരിക്കലും ആ അച്ഛൻ ഉറങ്ങിയില്ല. മകൾ മരിച്ച വിഷമത്താൽ താടിയും മുടിയും നീട്ടിവളർത്തി. പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അയാൾ. പക്ഷെ, ഒരു വർഷത്തിനകം ജാമ്യം ലഭിച്ച് പ്രതി പുറത്തിറങ്ങിയതോടെ മകൾക്ക് വേണ്ടി നീതി നടപ്പാക്കാൻ അയാൾ തീരുമാനിച്ചു. പന്നിയെ വെടിവെക്കുന്ന ഒറ്റക്കുഴൽ തോക്കിൽ നിന്നുള്ള വെടിയേറ്റ് 2002 ജൂലൈ 27ന് മുഹമ്മദ് കോയ മരിച്ചു. തോക്ക് സഹിതം ശങ്കരനാരായണൻ പൊലീസിൽ കീഴടങ്ങി.
കേസിൽ ശങ്കരനാരായണനെയും മറ്റ് രണ്ടുപേരെയും മഞ്ചേരി സെഷന്‍സ് കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചെങ്കിലും 2006 മെയിൽ തെളിവുകളുടെ അഭാവത്തില്‍ ശങ്കരനാരായണനെ ഹൈക്കോടതി വെറുതെവിട്ടു. ആ വിധി വലിയ തോതിൽ കൈയടി നേടി. സംഭവം ആസ്പദമാക്കി ‘വൈരം’ എന്ന പേരിൽ എം.എ. നിഷാദ് സംവിധാനം ചെയ്ത സിനിമയും പ്രദർശനത്തിനെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.