എസ്.ഡി.പി.ഐക്കും ഫ്രറ്റേണിറ്റിക്കും എതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പുപറഞ്ഞ് ഷാരിസ് മുഹമ്മദ്
text_fieldsഎം.എസ്.എഫ് വേദിയില്‍ എസ്.ഡി.പി.ഐക്കും ഫ്രറ്റേണിറ്റിക്കും എതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പുപറഞ്ഞ് ജനഗണമന തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. തന്റെ രാഷ്ട്രീയവും മതവും നിലപാടുകളും വ്യക്തിപരമാണെന്ന് ഷാരിസ് പറഞ്ഞു. ഫിലിം ക്ലബുമായി ബന്ധപ്പെട്ട പരാമർശങ്ങളിലാണ് ഷാരിസിന്റെ മാപ്പു പറച്ചിൽ. തന്റെ പരാമർശങ്ങളിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും അറിയിച്ചുവെന്നും ഷാരിസ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു ഷാരിസിന്റെ പ്രതികരണം.
' വേര് എന്ന പേരില്‍ എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തിൽ കല, സർഗം, സംസ്കാരം എന്ന ചർച്ചയിലെ എന്റെ വാക്കുകളിൽ ചില സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരാമർശം. എന്റെ വാക്കുകൾ ഏതെങ്കിലും വ്യക്തികളുടെയോ രാഷ്ട്രീയ സംഘടനകളുടെയും മതത്തെയോ വേദനിനപ്പിച്ചിട്ടുണ്ടെങ്കില്‍ പരാമർശത്തിൽ നിർവ്യാജം ക്ഷമചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചു വ്യക്തിപരമാണ്. അതിൽ തുടരും' ഷാരിസ് കുറിപ്പിൽ പറയുന്നു.
എസ്.ഡി.പി.ഐയുടെ ഫിലിം ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചിരുന്നതായി ഷാരിസ് എം.എസ്.എഫ് പരിപാടിയിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എസ്.ഡി.പി.ഐ രംഗത്തെത്തിയിരുന്നു. എസ്.ഡി.പി.ഐയുടെ ഏതെങ്കിലും ഒരു നേതാവ് അദ്ദേഹത്തെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തെ ബന്ധപ്പെട്ട ആളുടെ ഫോണ്‍ നമ്പറെങ്കിലും വെളിപ്പെടുത്താന്‍ തയ്യാറാകണമെന്നും ഇത്തരം കളവുകള്‍ പറഞ്ഞ് മറുപക്ഷത്തിന്റെ കയ്യടി വാങ്ങുന്നത് സത്യസന്ധനായ കലാകാരന് ചേര്‍ന്നതല്ലെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാർ പറഞ്ഞു.
'ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ മൂവി ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചു, ഞാൻ വരില്ലെന്ന് പറഞ്ഞു. ജനഗണമനയുടെ സംവിധായകൻ ഡിജോ ജോസിനെ വിളിച്ചോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും വേണ്ടത് എന്നെയാണെന്നുമാണ് അവർ പറഞ്ഞത്. അവർക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു എന്ന് ഞാൻ മനസിലാക്കി' എന്നായിരുന്നു എം.എസ്.എഫിന്റെ വേര് എന്ന പരിപാടിയിൽ സംസാരിക്കവേ ഷാരിസ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.