ഷാർജ ഭരണാധികാരിയും മന്ത്രിസഭാംഗങ്ങളുമായി ഇന്ന് സുപ്രധാന ചർച്ച
text_fieldsതിരുവനന്തപുരം: സംസ്ഥാന സന്ദർശനം നടത്തുന്ന യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് േഡാ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുമായി മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങൾ ചർച്ച നടത്തും. കേരളവും ഷാർജയും തമ്മിൽ സഹകരിക്കാവുന്ന മേഖലകളെ കുറിച്ച് വിശദ ചർച്ച നടക്കും. നേരത്തേ മുഖ്യമന്ത്രി ഗൾഫ് സന്ദർശിച്ചതിനിടെ ഷാർജ ഭരണാധികാരിയുമായി നടത്തിയ ചർച്ചയിൽ ഉയർന്ന വിഷയങ്ങളിലും തുടർചർച്ചയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷാർജയും കേരളവും തമ്മിൽ സഹകരിക്കാവുന്ന മേഖലകളെ കുറിച്ച് ചീഫ് സെക്രട്ടറി വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
വിദ്യാഭ്യാസം, വിനോദസഞ്ചാരം, ആയുർവേദം തുടങ്ങിയ മേഖലകളിലെ സഹകരണം സംസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. മുഖ്യമന്ത്രി വിശദമായ പ്രസേൻറഷൻ യോഗത്തിൽ നടത്തും. ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറിമാർ, പ്രധാന ഉദ്യോഗസ്ഥർ, ഷാർജ ഭരണാധികാരിയോടൊപ്പം എത്തിയ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ചർച്ചയിൽ പെങ്കടുക്കും. മന്ത്രിസഭാംഗങ്ങളുമായി നടക്കുന്ന ചർച്ചയുടെ വേദിയായി സെക്രേട്ടറിയറ്റാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. ഇത് പിന്നീട് രാജ്ഭവനിലേക്ക് മാറ്റുകയായിരുന്നു.
മന്ത്രിസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗവർണർ ജ. പി. സദാശിവവും ഷാർജ ഭരണാധികാരിയും തമ്മിലും ചർച്ച നടക്കും. ഗവർണർ അദ്ദേഹത്തിനായി തിങ്കളാഴ്ച വിരുന്നൊരുക്കിയിട്ടുണ്ട്. വൈകുന്നേരം ആറരക്ക് കോവളം ഹോട്ടൽ ലീലയിൽ കേരളത്തിെൻറ തനതു കലാരൂപങ്ങൾ ഷാർജ ഭരണാധികാരിക്കായി അവതരിപ്പിക്കും. 26ന് രാവിലെ 10.25ന് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടക്കും. 11.15ന് രാജ്ഭവനിലെത്തുന്ന അദ്ദേഹം കാലിക്കറ്റ് സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം സ്വീകരിക്കും. ഉച്ചക്ക് കോവളം ഹോട്ടൽ ലീലയിൽ വിദ്യാഭ്യാസമന്ത്രി അദ്ദേഹത്തിനായി വിരുന്നൊരുക്കും.
‘സുൽത്താനും ചരിത്ര രേഖകളും’ എന്ന വിഷയത്തിൽ വൈകീട്ട് അഞ്ചിന് ഹോട്ടൽ താജ് വിവാന്തയിൽ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഭാഷണം നടത്തും. തുടർന്ന് വാർത്തസമ്മേളനവും ഉണ്ടാകും. 27ന് ലുലുഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ ക്ഷണം സ്വീകരിച്ച് കൊച്ചിയിൽ സ്വകാര്യ സന്ദർശനം നടത്തും. 28ന് തിരുവനന്തപുരത്ത് നിന്നാകും അദ്ദേഹം മടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.