കണ്ണൂർ വിമാനത്താവളം: ഉദ്ഘാടനദിനം ഷാർജ, റിയാദ്, അബൂദബി സർവിസ്
text_fieldsകണ്ണൂർ: ഉദ്ഘാടനദിവസം ഷാർജ, റിയാദ്, അബൂദബി സർവിസുകൾ ഉൾപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ് സമയപ്പട്ടിക കണ്ണൂർ വിമാനത്താവളം അധികൃതർ ഡി.ജി.സി.എക്ക് തിങ്കളാഴ്ച കൈമാറി. ഡി.ജി.സി.എ അനുമതി കിട്ടിയാലുടൻ ബുക്കിങ് തുടങ്ങാനാകുമെന്ന് കിയാൽ വൃത്തങ്ങൾ അറിയിച്ചു.
ഉദ്ഘാടനദിവസം രാവിലെ 11ന് അബൂദബിയിലേക്കും 9.05ന് റിയാദിലേക്കുമാണ് സർവിസ്. രാത്രി ഏഴിന് ഷാർജയിൽനിന്ന് വിമാനം പുറപ്പെടും. അബൂദബി വിമാനം അബൂദബി സമയം ഉച്ചക്ക് 1.30ന് എത്തി 2.30ന് കണ്ണൂരിലേക്ക് മടങ്ങും. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ യാത്രാവിമാനമായി ഇത് രാത്രി എട്ടിന് തിരിച്ചെത്തും. ഷാർജയിൽനിന്ന് രാത്രി ഏഴിന് പുറപ്പെട്ട് പുലർച്ച 12.10ന് രണ്ടാമത്തെ യാത്രാവിമാനം കണ്ണൂരിലിറങ്ങും.
ഷാർജ, ദുൈബ എന്നിവിടങ്ങളിലേക്കാണ് എല്ലാദിവസവും എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുന്നത്. അബൂദബിയിലേക്കും തിരിച്ചും ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സർവിസ്. ഉദ്ഘാടനത്തിനുശേഷം ഡിസംബർ 11 മുതലാണ് ഇൗ സർവിസ് ആരംഭിക്കുക. കണ്ണൂരിൽനിന്ന് രാവിലെ ഒമ്പതിനാണ് പുറപ്പെടുക. അബൂദബി സമയം 12.30ന് തിരിക്കും. കണ്ണൂർ മസ്കത്ത് സർവിസ് ഡിസംബർ 10 മുതൽ തുടങ്ങും. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് സർവിസ്. രാവിലെ ഒമ്പതിന് കണ്ണൂരിൽനിന്നും 12.15ന് മസ്കത്തിൽനിന്നും പുറപ്പെടും. റിയാദിലേക്ക് ഉദ്ഘാടനദിവസം തുടങ്ങുന്ന സർവിസ് വ്യാഴം, വെള്ളി ദിവസങ്ങളിൽ തുടരും. റിയാദിൽനിന്ന് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് കണ്ണൂരിലേക്ക് സർവിസ്.
കണ്ണൂരിൽനിന്ന് 9.05നും റിയാദിൽനിന്ന് പുലർച്ച 12.35നും പുറപ്പെടും. ദോഹ സർവിസ് ഡിസംബർ 10നാണ് തുടങ്ങുക. തിങ്കൾ, ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിലാണ് ദോഹ സർവിസ്. കണ്ണൂരിൽനിന്ന് രാത്രി 8.20നും ദോഹയിൽനിന്ന് രാത്രി 11നും പുറപ്പെടും.
ആഴ്ചയിൽ എല്ലാദിവസവും സർവിസുള്ള ഷാർജ വിമാനം ഷാർജയിൽനിന്ന് രാത്രി ഏഴിനും കണ്ണൂരിൽനിന്ന് പുലർച്ച 1.10നുമാണ് പുറപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.