മരണമൊഴിയിലും ഗ്രീഷ്മയെ സംരക്ഷിച്ച് ഷാരോൺ
text_fieldsതിരുവനന്തപുരം: തമിഴ്നാട്ടിലെ തിരുവിതാംകോട് മുസ്ലിം ആർട്സ് കോളജ് രണ്ടാം വർഷ എം.എ വിദ്യാർഥിനിയായ ഗ്രീഷ്മ ബസ് യാത്രക്കിടയിലാണ് നാട്ടുകാരനും നെയ്യൂരിലെ സ്വകാര്യ കോളജില് ബി.എസ്സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയുമായ ഷാരോൺ രാജിനെ പരിചയപ്പെടുന്നത്. ബിരുദ പഠനവുമായി ബന്ധപ്പെട്ട റെക്കോഡ് ബുക്കുകൾ എഴുതാൻ ഷാരോണിനെ സഹായിച്ചിരുന്നത് ഗ്രീഷ്മയായിരുന്നു.
ഗ്രീഷ്മയുടെ വീട്ടുകാർക്ക് ഷാരോണുമായുള്ള ബന്ധത്തോട് എതിർപ്പായിരുന്നു. ഷാരോണിനെ വിവാഹം ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന് മാതാപിതാക്കൾ ഭീഷണിപ്പെടുത്തി. ഇതോടെയാണ് ഗ്രീഷ്മ ഷാരോണിൽനിന്ന് അകലാൻ തുടങ്ങിയത്. പിന്നീട് ഇരുവരും വീണ്ടും അടുത്തു. വീട്ടുകാരറിയാതെ വാട്സ്ആപ് വഴി സന്ദേശങ്ങളും കൈമാറിയിരുന്നു. ഇതിനിടയിലാണ് സൈനികന്റെ വിവാഹാലോചന ഗ്രീഷ്മയെ തേടിയെത്തിയത്. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ തനിക്ക് ജാതകദോഷമുണ്ടെന്ന് ഗ്രീഷ്മ പറഞ്ഞു. ഇത് നടക്കാതായപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.
ഗ്രീഷ്മ നൽകിയ കഷായം കഴിച്ച് ഛർദിച്ച് അവശനായാണ് ഷാരോൺ സുഹൃത്ത് റെജിനൊപ്പം തിരികെ വീട്ടിലെത്തിയത്. ഗ്രീഷ്മയെ വീട്ടുകാർ തെറ്റിദ്ധരിക്കുമെന്നതിനാൽ ജ്യൂസ് കുടിച്ചെന്നാണ് ഷാരോൺ എല്ലാവരോടും പറഞ്ഞത്. പാറശ്ശാലയിലും വലിയതുറയിലും ഫോർട്ട് ആശുപത്രിയിലും ചികിത്സയിൽ കഴിയുമ്പോഴും ഗ്രീഷ്മ കഷായം നൽകിയ കാര്യം ഡോക്ടർമാരോട് പറഞ്ഞില്ല. മെഡിക്കൽ കോളജിലെ ചികിത്സക്കിടെ ആന്തരികാവയവങ്ങൾ തകരാറിലായി. വിഷാംശം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ സ്ഥീരികരിച്ചിരുന്നു. പൊലീസിന്റെ നിർദേശപ്രകാരം ഡോക്ടർമാർ ഷാരോണിന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് കഷായം കഴിച്ചകാര്യം വെളിപ്പെടുത്തിയത്. അപ്പോഴും ഗ്രീഷ്മയെ കുറ്റവാളിയാക്കാൻ ഷാരോൺ ശ്രമിച്ചില്ല. തനിക്കാരെയും സംശയമില്ലെന്നായിരുന്നു ഷാരോണിന്റെ മരണമൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.