'ഗ്രീഷ്മയെ ക്രിമിനലാക്കിയത് ഷാരോൺ'; രൂക്ഷമായ വാദങ്ങൾക്കൊടുവിൽ ഗ്രീഷ്മ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മയെ നെയ്യാറ്റിൻകര കോടതി ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇരു വിഭാഗങ്ങളും നടത്തിയ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കസ്റ്റഡിയിൽ വിട്ടത്. ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടിൽ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാൻ ഏഴു ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഗ്രീഷ്മക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കവെ കോടതിയിൽ ഷാരോണിനെതിരെ പ്രതിഭാഗം നിരവധി വാദങ്ങളാണ് ഉയർത്തിയത്. പാറശ്ശാല പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിഷം നൽകി കൊന്നു എന്ന എഫ്.ഐ.ആർ പോലും പൊലീസിന്റെ പക്കലില്ല എന്ന് ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമം.
ഗ്രീഷ്മയുടെ വീട്ടിലെ മുറിക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല. മരണത്തിനിടയാക്കിയ വിഷം ഷാരോൺ കൊണ്ടുവരാൻ സാധ്യതയില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഷാരോൺ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും സ്വകാര്യ ചിത്രങ്ങൾ പകർത്തിയെന്നും കുറ്റപ്പെടുത്തിയ അഭിഭാഷകൻ, കേസിൽ ഗൂഢാലോചനാ കുറ്റം നിലനിൽക്കില്ലെന്നും വാദിച്ചു.
ഷാരോണിന്റെ മരണ മൊഴിയിൽ ഗ്രീഷ്മയെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല. വിഷയത്തിൽ ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണം. പൊലീസ് കസ്റ്റഡിയിൽ വിടരുതെന്നും ഇല്ലാത്ത തെളിവുണ്ടാക്കുമെന്നും അദ്ദേഹം വാദിച്ചു.
അട്ടകുളങ്ങര വനിത ജയിലിൽ നിന്നാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലേക്ക് മാറ്റിയത്. നേരത്തെ, ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും കോടതി നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.