‘കുറ്റബോധമുണ്ടോ’ എന്ന് മാധ്യമപ്രവർത്തകർ; ‘തനിക്കൊന്നും പറയാനില്ലെ’ന്ന് ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ
text_fieldsകൊച്ചി: ജയിൽ മോചിതയായ ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. കുറ്റബോധമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു ഗ്രീഷ്മയുടെ മറുപടി. തനിക്കൊന്നും പറയാനില്ലെന്നും ഗ്രീഷ്മ പറഞ്ഞു. കേസിന്‍റെ വിചാരണ തമിഴ്നാട്ടിൽ നടത്തണമെന്നത് സംബന്ധിച്ച് കോടതി തീരുമാനിക്കട്ടെ എന്നായിരുന്നു ഗ്രീഷ്മയുടെ പ്രതികരണം.
കാമുകനായിരുന്ന ഷാരോൺ എന്ന യുവാവിനെ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഗ്രീഷ്മക്ക് കഴിഞ്ഞ ദിവസമാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. ഹൈകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ഇന്നലെ ഗ്രീഷ്മ ജയിൽമോചിതയായി.
തിരുവനന്തപുരത്ത് ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ സഹതടവുകാരുടെ പരാതിയെ തുടർന്ന് മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയിരുന്നു. മാവേലിക്കര സബ് ജയിലിൽ രാത്രിയോടെ അഭിഭാഷകരെത്തിയ ശേഷമാണ് ഗ്രീഷ്മയെ പുറത്തിറക്കിയത്. രാത്രി ഏഴരയോടെ ഇവർ ജയിലിൽ എത്തി 10 മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തീകരിച്ച് ഗ്രീഷ്മ പുറത്തിറങ്ങി.
അതേസമയം, കേസിന്‍റെ വിചാരണ തമിഴ്നാട്ടിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി ഗ്രീഷ്മയടക്കം നൽകിയ ഹരജിയിലെ തുടർ നടപടികൾ ഹൈകോടതി അവസാനിപ്പിച്ചു. വിചാരണ നടക്കുന്ന നെയ്യാറ്റിൻകര അഡീ. സെഷൻസ് കോടതിയിൽ ഇത് ഉന്നയിക്കാമെന്നും അവിടെ തീരുമാനമെടുക്കുമെന്നും പറഞ്ഞാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹരജി തീർപ്പാക്കിയത്. വിചാരണ കോടതി ആവശ്യം അനുവദിക്കാത്തതിനെ തുടർന്നാണ് ഗ്രീഷ്മ, മറ്റ് പ്രതികളായ മാതാവ് സിന്ധു, അമ്മാവൻ നിർമൽ കുമാരൻ നായർ എന്നിവർ ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.