ഷാരോൺ വധം: തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നത് ഉചിതമെന്ന് എ.ജി
text_fieldsകൊച്ചി: കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ തിരുവനന്തപുരം ഷാരോൺ വധക്കേസിന്‍റെ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതിഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ടെന്ന് അഡ്വക്കറ്റ് ജനറലിന്‍റെ (എ.ജി) നിയമോപദേശം.
തമിഴ്നാട് പൊലീസിനെ കേസ് ഏൽപിക്കുന്നതാണ് കൂടുതൽ ഉചിതം. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്നാട്ടിലാണ്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവി എ.ജിയുടെ നിയമോപദേശം തേടിയിരുന്നു. ഇതേ അഭിപ്രായം തന്നെയാണ് ജില്ല ഗവ. പ്ലീഡറും പൊലീസിന് കൈമാറിയത്.
തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത്. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പാറശ്ശാല പൊലീസാണ്. കേരള പൊലീസ് കേസ് അന്വേഷിക്കുന്നതിൽ നിയമപരമായി തടസ്സമില്ലെങ്കിലും തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് കൂടുതൽ ഉചിതമെന്ന് എ.ജിയുടെ നിയമോപദേശത്തിൽ പറയുന്നു.
മുര്യങ്കര ജെ.പി ഹൗസിൽ ജയരാജിന്റെ മകൻ നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാനവർഷ ബി.എസ്സി റേഡിയോളജി വിദ്യാർഥിയായ ഷാരോണിനെ സുഹൃത്തായ ഗ്രീഷ്മ വീട്ടിൽ വിളിച്ചുവരുത്തി വിഷം കലർന്ന കഷായം നൽകിയെന്നും ആശുപത്രിയിലായ യുവാവ് ഓക്ടോബർ 25ന് മരണപ്പെട്ടുവെന്നുമാണ് കേസ്.
ആര് അന്വേഷണം നടത്തണമെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുമ്പോഴും കേരള പൊലീസ് കേസ് അന്വേഷിക്കണമെന്നാണ് ഷാരോണിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.