മുഖ്യമന്ത്രി ഇരുമ്പുമറക്കുള്ളിൽ; മേയറുടെ പ്രവർത്തനം അപക്വം
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിയ തിരുവനന്തപുരം ജില്ല കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ മേയർ ആര്യാ രാജേന്ദ്രന് വരെ നിശിത വിമർശനം. മറ്റ് ജില്ലകളിലും കേന്ദ്ര കമ്മിറ്റിയിലും മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനെതിരെയും അഭിപ്രായമുയർന്നതിനു പിന്നാലെയാണ് തലസ്ഥാനത്തും ചോദ്യങ്ങളുയർന്നത്. കെ.എസ്.ആർ.ടി.സി ബസ് നടുറോഡിൽ തടഞ്ഞിട്ട മേയറുടെയും ഭർത്താവ് ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവിന്റെയും നടപടി അപക്വമെന്ന് യോഗത്തിൽ ഏകസ്വരത്തിൽ അഭിപ്രായമുയർന്നു. ബസില്‍നിന്ന് മെമ്മറി കാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നു. മേയറും ഭർത്താവും കാണിച്ചത് ഗുണ്ടായിസമാണ്.
എം.എൽ.എയുടെ ബസിൽ കയറിയുള്ള പ്രകടനം നാട്ടുകാർ കാണാത്തതുകൊണ്ട് തൽക്കാലം രക്ഷപ്പെട്ടു. നഗരഭരണം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. മേയറുടെ പ്രാപ്തിക്കുറവ് പ്രകടമാണ്. ഇങ്ങനെ പോയാൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കോർപറേഷൻ ഭരണം ബി.ജെ.പിക്ക് അടിയറ വെക്കേണ്ടി വരുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതിനെതുടർന്ന് ആര്യാ രാജേന്ദ്രന് താക്കീത് നൽകിയ ജില്ല നേതൃത്വം, തെറ്റുതിരുത്താൻ ഒരവസരം കൂടി നൽകാൻ തീരുമാനിച്ചു. ശൈലിമാറ്റമുണ്ടായില്ലെങ്കിൽ സ്ഥാനം നഷ്ടമാകുമെന്ന മുന്നറിയിപ്പും യോഗം മേയർക്ക് നൽകി.
മുഖ്യമന്ത്രി ഇരുമ്പ് മറക്കുള്ളിലാണെന്നാണ് പിണറായി വിജയനെതിരെ ഉയർന്ന കാര്യമായ വിമർശനം. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഇത്രയും അകമ്പടി വാഹനങ്ങള്‍ എന്തിനാണ്. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറക്കണം. പാർട്ടിക്കാർക്കും ജനങ്ങൾക്കും മുഖ്യമന്ത്രിയുടെ ഓഫിസിൽപോലും കയറാനാകുന്നില്ല. എന്നാൽ, ചില മുതലാളിമാർക്ക് മുഖ്യമന്ത്രിയുടെ വീട്ടിൽ അടുക്കള വരെയെത്താം. മകൾക്കെതിരെ ഉയർന്ന ആരോപണം ചെറുക്കാൻ മുഖ്യമന്ത്രി പാർട്ടി സംവിധാനത്തെ മറയാക്കിയത് ശരിയായില്ല. മക്കൾക്കെതിരെ ആരോപണം വന്നപ്പോൾ കോടിയേരി ബാലകൃഷ്ണൻ കാണിച്ച മാതൃക എന്തുകൊണ്ട് പിണറായിക്കും ബാധകമായില്ലെന്ന അഭിപ്രായവും ഉയർന്നു.
മുഖ്യമന്ത്രിയുടെ അടുക്കള വരെ എത്തുന്ന മുതലാളിയുടെ പേരു പറയണമെന്ന് ആക്ഷേപം ഉന്നയിച്ച കരമന ഹരിയോട് സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി യോഗത്തിനെത്തിയ എം. സ്വരാജ് ആവശ്യപ്പെട്ടു. എന്നാൽ, പേരു പറയാൻ കരമന ഹരി തയാറായില്ല. ഇക്കാര്യത്തിൽ ഹരിക്കെതിരെ നടപടിയുണ്ടാകുമെന്ന് എം. സ്വരാജ് യോഗത്തിൽ അറിയിച്ചു. സ്പീക്കർ എ.എൻ. ഷംസീറിന് നേരെയും വിമർശനമുണ്ടായി. ബി.ജെ.പി നേതാവ് അമിത് ഷായുടെ മകൻ ജയ്ഷായുടെ അടുപ്പക്കാരനായ മുതലാളിയുമായി സ്പീക്കർക്ക് എന്താണ് ഇത്ര അടുപ്പമെന്നായിരുന്നു ചോദ്യം. മുഖ്യമന്ത്രിയുടെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും അഭിപ്രായമുയർന്നു. വകുപ്പിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ നേതാക്കളെ ശത്രുക്കളായി കാണുന്ന രീതി റിയാസ് തിരുത്തണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.