സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നു -തരൂർ
text_fieldsന്യൂഡൽഹി: കണ്ണൂരിലെ സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ആഗ്രമുണ്ടായിരുന്നെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ. പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ സോണിയ ഗാന്ധി നിർദേശിച്ചതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും തരൂർ ഡൽഹിയിൽ വ്യക്തമാക്കി.
എന്നാൽ, പാർട്ടി വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി. തോമസിന്‍റെ നിലപാടിനോട് പ്രതികരിക്കുന്നില്ലെന്നും തരൂർ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ രാഹുൽ ഗാന്ധിയെ ഉദ്ധരിച്ച് ന്യായീകരിച്ചുമായിരുന്നു കണ്ണൂരിലെ സെമിനാറിലെ കെ.വി. തോമസിന്‍റെ പ്രസംഗം. പിണറായി വിജയൻ കേരളത്തിന്റെ അഭിമാനമാണ്. സിൽവർ ലൈൻ എതിർക്കപ്പെടേണ്ട പദ്ധതിയല്ല. കേന്ദ്ര സർക്കാറിന്‍റെ സംസ്ഥാന വികസന നടപടികൾക്കെതിരെയുള്ള ആക്രമണത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്ന രാഹുലിന്‍റെ പ്രസംഗം കോൺഗ്രസ് നേതൃത്വം മനസ്സിലാക്കണം. രാഹുൽ ഗാന്ധിയുടെ വാക്ക് ഏറ്റെടുത്താണ് ഞാൻ ഇവിടെ സി.പി.എം വേദിയിൽ വന്നത്. അതിനാൽ ഞാൻ ഈ സെമിനാറിൽ പങ്കെടുത്തത് കോൺഗ്രസ് പാർട്ടിക്കും കരുത്താകും. അത് തന്‍റെ സഹപ്രവർത്തകർ മനസ്സിലാക്കണം- കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ 'കേന്ദ്ര - സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം' എന്ന വിഷയത്തിലെ സെമിനാറിൽ കെ.വി. തോമസ് പറഞ്ഞു.
പിണറായി വിജയൻ നടപ്പാക്കുന്നുവെന്നുകരുതി സിൽവർ ലൈൻ എതിർക്കപ്പെടേണ്ട പദ്ധതിയല്ല. സില്‍വര്‍ ലൈനില്‍ എവിടെയെങ്കിലും പിഴവുണ്ടെങ്കില്‍ തിരുത്തണം. അതിവേഗ റെയിൽ സംസ്ഥാനത്ത് ഗുണകരമാകുമെന്നതിനാൽ പദ്ധതിയെ ഞാൻ അനുകൂലിക്കുകയാണ്. മൂന്നു മുഖ്യമന്ത്രിമാർക്ക് കഴിയാത്ത ഗെയിൽ പൈപ്പ്ലൈൻ പദ്ധതി നടപ്പായത് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി കൊണ്ടാണ്. അതുകൊണ്ടാണ് പിണറായി വിജയൻ അഭിമാനമാണ് എന്ന് പറയുന്നത്. ഞാൻ മാത്രമല്ല, പിണറായി അഭിമാനമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും പറഞ്ഞു. വികസന കാര്യത്തിൽ നാം ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. അപകടകരമായ സാഹചര്യത്തിലാണ് രാജ്യം കടന്നുപോകുന്നത്. ഇത് കോൺഗ്രസുകാരും മനസ്സിലാക്കണം.
ഭരണഘടനയെയും കേന്ദ്ര അന്വേഷണ ഏജൻസിയെയും ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം റെയിൽവേ ബജറ്റുപോലും ഇല്ലാതായി. റെയിൽവേ ബജറ്റ് ജനറൽ ബജറ്റിന്‍റെ ഭാഗമായി. ദുര്‍ഘടമായ പ്രതിസന്ധി കേന്ദ്രം ഉണ്ടാക്കുമ്പോള്‍ കേരളത്തിലെ എം.പിമാര്‍ ഒറ്റക്കെട്ടായി ഇടപെടണം. ഇത് അപകടകരമായ പോക്കാണ്. ഈ സമയത്താണ് നമ്മൾ ഒറ്റക്കെട്ടായി നിൽക്കേണ്ടത്. ഇത് കോൺഗ്രസ് നേതൃത്വം മനസ്സിലാക്കണം. കോവിഡ് പ്രതിസന്ധി ഏറ്റവും നന്നായി കൈാര്യം ചെയ്ത സംസ്ഥാനമാണ് കേരളമെന്നും കെ.വി. തോമസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.