ശോഭന അടുത്ത സുഹൃത്ത്; തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് വിളിച്ചറിയിച്ചു -ശശി തരൂർ
text_fieldsതൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ നടി ശോഭന തിരുവനന്തപുരത്ത് നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കില്ലെന്ന് ശശി തരൂർ എം.പി. ശോഭനയുടെ തീരുമാനത്തിൽ ബി.ജെ.പിയിൽ കടുത്ത നിരാശയുണ്ട്. അതാണ് തിരുവനന്തപുരത്ത് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന രീതിയിൽ പലപേരുകളും ഉയർന്നു കേൾക്കുന്നതെന്നും തരൂർ പറഞ്ഞു. ഗുരുവായൂർ സന്ദർശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''നടി ശോഭന എന്റെ അടുത്ത സുഹൃത്താണ്. അവർ തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് ഫോണിൽ വിളിച്ചറിയിച്ചു. പലപ്പോഴായി പല പേരുകളാണ് ബി.ജെ.പി ഉയർത്തിക്കാട്ടുന്നത്. അവരുടെ നിരാശയെ തുടർന്നാണ് പല പേരുകൾ പറയുന്നത്. ഭയം കൊണ്ടാണ് ബി.ജെ.പിയുടെ ഇത്തരത്തിലുള്ള പ്രചാരണം. ആരൊക്കെ വരുമെന്നറിയാൻ കാത്തിരിക്കുകയാണ്.''-ശശി തരൂർ പറഞ്ഞു.
തിരുവനന്തപുരത്തെ സ്ഥാനാർഥികളെ വില കുറച്ചു കാണുന്നില്ലെന്നും ബി.ജെ.പി വിദ്വേഷ രാഷ്ട്രീയ കേരളത്തിൽ വിലപ്പോകില്ലെന്നും തരൂർ വ്യക്തമാക്കി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന സി.പി.ഐ നിലപാട് ശരിയല്ല. അങ്ങനെയെങ്കിൽ കോൺഗ്രസിനെതിരെ സി.പി.ഐ മത്സരിക്കരുത്. അദ്ദേഹത്തിന്റെ സീറ്റിൽ തീരുമാനമായിട്ടില്ല. രാഹുലിനെ മത്സരിപ്പിക്കാൻ കൂടുതൽ സംസ്ഥാനങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശശി തരൂർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തൃശൂരിലെ ബി.ജെ.പി വനിത സമ്മേളനത്തിൽ നടി ശോഭനടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകണമെന്നും നടനും ബി.ജെ.പി നേതാവുമായി സുരേഷ് ഗോപി പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ശശി തരൂറിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.