ശശി തരൂരിനും മധുസൂദനൻ നായർക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
text_fieldsന്യൂഡൽഹി: മലയാളത്തിെൻറ പ്രിയ കവി പ്രഫ. വി. മധുസൂദനൻ നായർക്കും ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. അച്ഛൻ പിറന്ന നാട് എന്ന കവിത സമാഹാരമാണ് മധുസൂദനൻ നായരെ അവാർഡിന് അർഹനാക്കിയത്. തരൂരിെൻറ ‘ഇരുളടഞ്ഞ കാലം’ (ആൻ ഇറ ഓഫ് ഡാർക്നസ്) എന്ന കൃതിക്കാണ് പുരസ്കാരം. ഡോ. ചന്ദ്രമതി, എന്‍.എസ്. മാധവന്, ഡോ. എം. തോമസ് മാത്യു എന്നിവരടങ്ങിയ ജൂറിയാണ് കവിത സമാഹാരം പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം, കെ. ബാലകൃഷ്ണന് പുരസ്കാരം, പത്മപ്രഭ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള മധുസൂദനൻ നായർ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയാണ്. ഡോ. ജി.എന്‍. ദേവി, പ്രഫ. കെ. സച്ചിദാനന്ദന്, പ്രഫ. സുകാന്ത ചൗധരി എന്നിവരടങ്ങിയ ജൂറിയാണ് ഇംഗ്ലീഷ് വിഭാഗത്തില്‍ ‘ആൻ ഇറ ഓഫ് ഡാർക്നസ്’ തെരഞ്ഞെടുത്തത്. മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിെൻറ ‘ഇരുളടഞ്ഞ കാലം’ ബ്രിട്ടീഷ് കൊളോണിയലിസത്തിെൻറ ഇന്ത്യന്‍ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്രപഠനമാണ്.
23 ഭാഷകളിലായി കവിത സമാഹാരം വിഭാഗത്തിൽ ഏഴും നോവൽ വിഭാഗത്തിൽ നാലും ചെറുകഥ വിഭാഗത്തിൽ ആറും കഥേതര-ലേഖന വിഭാഗങ്ങളിൽ മൂന്നുവീതവും പുരസ്കാരങ്ങളാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം 2020 ഫെബ്രുവരി 25ന് ഡൽഹിയിൽ വിതരണം ചെയ്യും. കവിത വിഭാഗത്തില്‍ മധുസൂദനൻ നായർക്കുപുറമേ ഡോ. ഫൂക്കന് ബസുമതാരി (ബോഡോ), ഡോ. നന്ദ കിഷോര്‍ ആചാര്യ(ഹിന്ദി), നില്‍ബ എ. ഖണ്ഡേക്കർ (കൊങ്കിണി), മനീഷ് അരവിന്ദ് (മൈഥിലി), അനുരാധ പാട്ടീല്‍ (മറാത്തി) എന്നിവര്‍ക്കാണ് പുരസ്കാരം.
നോവല്‍ വിഭാഗത്തില്‍ ചോ ദാമോദരൻ (തമിഴ്), ജയശ്രീ ഗോസ്വാമി (അസമീസ്), എല്‍. ബിര്മംഗോള് സിങ് (മണിപ്പൂരി), ബണ്ടി നാരായണ സ്വാമി (തെലുഗു) എന്നിവരും ചെറുകഥ വിഭാഗത്തില്‍ അബ്ദുൽ അഹദ് ഹാജിനി (കശ്മീരി), തരുണ്‍ കാന്തി മിശ്ര (ഒഡിയ), കൃപാല്‍ ഖസാക്ക് (പഞ്ചാബി), രാമസ്വരൂപ് കിസാൻ (രാജസ്ഥാനി), കാളീചരണ്‍ ഹേബ്രാം (സന്ദാളി), ഈശ്വര്‍ മൂര്‍ജാനി (സിന്ധ്) എന്നിവരുമാണ് പുരസ്കാരത്തിന് അർഹരായത്.
കഥേതര, ജീവചരിത്ര, ആത്മകഥ വിഭാഗത്തില്‍ ഡോ. വിജയ (കന്നട), പ്രഫ. ഷാഫി കിദ്വായി (ഉർദു) ലേഖന വിഭാഗത്തില്‍ ഡോ. ചിന്മോയി ഗുഹ (ബംഗാളി), ഓം ശര്‍മ ജാന്ദ്രിയാരി (ദോംഗ്രി), രത്തിലാല്‍ ബോറിസാഗര്‍ (ഗുജറാത്തി) എന്നിവര്‍ക്കും പുരസ്കാരം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.