പര്യടനത്തിന് ഇറങ്ങാൻ പ്രതിപക്ഷ നേതാവ് മൂന്നുതവണ ആവശ്യപ്പെട്ടു -ശശി തരൂർ
text_fieldsഅടൂർ: കോൺഗ്രസിന്‍റെ വളർച്ചക്കായി പര്യടനത്തിന് ഇറങ്ങാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നോട് ആവശ്യപ്പെട്ടെന്ന് ശശി തരൂർ എം.പി. അദ്ദേഹം മൂന്ന് പ്രാവശ്യം ഈ വിഷയം തന്നോട് ഉന്നയിച്ചതായും അടൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ തരൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എല്ലാ ജില്ലയിലും ഡി.സി.സി പ്രസിഡന്‍റുമാരെ അറിയിച്ചാണ് പോകുന്നത്. സന്ദർശനം അറിയിച്ചിട്ടില്ലെന്ന കോട്ടയം ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷിന്‍റെ പ്രസ്താവനയെ അദ്ദേഹം തള്ളി. അറിയിച്ചതിന്‍റെ ഫോൺ രേഖകളും തീയതി അടക്കം തന്‍റെ കൈവശമുണ്ട്. അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ പരാതി നൽകിയാൽ അതിന് മറുപടി നൽകും.
തന്‍റെ സന്ദർശനങ്ങൾ വിവാദമാക്കാൻ ശ്രമിക്കുന്നവരോട് വിവാദത്തിന്‍റെ കാര്യം ചോദിക്കണം. താൻ കോൺഗ്രസിൽ ഒരു ഗ്രൂപ്പും ഉണ്ടാക്കിയിട്ടില്ല, ഒരു ഗ്രൂപ്പും ഉണ്ടാക്കാൻ പോകുന്നുമില്ല. മറിച്ചുള്ള ആരോപണങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്ന് മനസ്സിലാകുന്നില്ല. മുസ്ലിം ലീഗിന്‍റെ നേതൃയോഗം കോൺഗ്രസിലെ വിഭാഗീയതയിൽ എതിർപ്പ് അറിയിച്ചതിനെപ്പറ്റിയ ചോദ്യത്തിന് മറുപടിയായി താനും വിഭാഗീയതയിൽ എതിർപ്പ് അറിയിച്ചിട്ടുണ്ടെന്ന് തരൂർ പറഞ്ഞു. കോൺഗ്രസിൽ ഇനി എ ഗ്രൂപ്പും ഐ ഗ്രൂപ്പുമല്ല, യുനൈറ്റഡ് കോൺഗ്രസാണ് ആവശ്യം എന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പബ്ലിക് പോളിസി വിഭാഗം അധ്യക്ഷൻ ജെ.എസ്. അടൂർ അധ്യക്ഷനായ ബോധി ഗ്രാം അടൂരിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനാണ് തരൂർ പത്തനംതിട്ടയിൽ എത്തിയത്. പരിപാടിയിൽനിന്ന് പത്തനംതിട്ട ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ വിട്ടുനിന്നു.
എന്നാൽ, ആന്‍റോ ആന്‍റണി എം.പി, മുൻ എം.എൽ.എ ശബരീനാഥ്, ഡി.സി.സി മുൻ അധ്യക്ഷൻ പി. മോഹൻരാജ് ഉൾപ്പെടെ മിക്ക എ ഗ്രൂപ് നേതാക്കളും എത്തിയിരുന്നു. ഇതിന് മുമ്പ് അദ്ദേഹം പന്തളം ക്ഷേത്ര ദർശനം നടത്തി. തിരുവാഭരണ ദർശനം നടത്തി പന്തളം കൊട്ടാരം നിർവാഹകസമിതി ഭാരവാഹികളുമായി ചർച്ച നടത്തി. തന്നെ സ്വീകരിക്കാൻ ഡി.സി.സി പ്രസിഡന്‍റ് എത്താത്തത് പന്തളത്ത് അദ്ദേഹം പരാമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.