മയക്കുമരുന്ന് കാലഘട്ടത്തിന്റെ വിപത്തെന്ന് ശശി തരൂർ
text_fieldsതിരുവനന്തപുരം: മയക്കുമരുന്ന് കാലഘട്ടത്തിന്റെ വിപത്തെന്ന് ശശി തരൂർ എം.പി. പൊഴിയൂരിൽ അഭിജിത് ഫൗണ്ടേഷന്റെ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തിലും കേസുകളുടെ എണ്ണത്തിലും കൊലപാതകങ്ങളുടെ എണ്ണത്തിലും ചികിത്സ തേടുന്നവരുടെ എണ്ണത്തിലും ലഹരിക്ക് അടിമയായി മരണപ്പെടുന്നവരുടെ എണ്ണത്തിലും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിലും കേരളം മുൻപന്തിയിലാണ്. ഈ വിപത്തിന് വിരാമമിടാൻ സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും നമ്മുടെ യുവ ജനങ്ങളെ നേരായ ദിശയിലേക്ക് നയിക്കേണ്ട ബാധ്യത സമൂഹം ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക തലസ്ഥാനത്ത് അപകടകരമാംവിധം മയക്കുമരുന്ന് വ്യാപനം കൂടി വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റൺ എവേ ഫ്രം ഡ്രഗ്സ് എന്ന മുദ്രാവാക്യം ഉയർത്തി നൂറോളം ബൈക്കുകളും തെരുവ് നാടകവും മാജിക് ഷോയും അണിനിരന്ന കലാജാഥ പൊഴിയൂരിൽ ഡോ. ശശി തരൂർ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. അരമണിക്കൂർ ദൈർഘ്യമുള്ള തെരുവു നാടകവും മാജിക് ഷോയും തീരദേശത്തെ 10 കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു.
യോഗത്തിൽ കോവളം എം.എൽ.എ എം. വിൻസന്റ്, ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ, നഗരസഭാ ചെയർമാൻ പി.കെ. രാജ് മോഹൻ, സി.പി.എം പാറശ്ശാല ഏര്യ സെക്രട്ടറി അജയൻ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻ ഡാർവിൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.