‘നിങ്ങൾ മനസ്സിൽ ഉദ്ദേശിച്ചത് എന്തായാലും പറഞ്ഞ കാര്യം മറ്റൊന്നല്ലേ..?’ തരൂരിനോട് പന്ന്യൻ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്തെ വാക്പോരുകളിൽ അനുനയവുമായി തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ ഇടതു സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനെ ഫോണിൽ വിളിച്ചു. തെറ്റിദ്ധാരണ തിരുത്തലും ബന്ധം ഊഷ്മളമാക്കലുമായിരുന്നു തരൂരിന്റെ ഉദ്ദേശ്യമെങ്കിലും പന്ന്യൻ അതൃപ്തി തുറന്നു പറഞ്ഞു. ഒടുവിൽ ലോഹ്യത്തിൽതന്നെയാണ് സംസാരം അവസാനിപ്പിച്ചത്.
പ്രചാരണം കൊടുമ്പിരിക്കൊണ്ട അവസാന ലാപ്പിൽ ‘മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ്. ഇവിടെ പന്ന്യന് എന്തുകാര്യം’ എന്ന തരൂരിന്റെ പരാമർശം വലിയ രാഷ്ട്രീയ വിവാദമായിരുന്നു. പന്ന്യനെ സംബന്ധിച്ച് വലിയ മുറിവും. ഇത്തരത്തിൽ സൗഹൃദത്തിൽ കല്ലുകടിയുണ്ടായ സാഹചര്യത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് പന്ന്യന് തരൂരിന്റെ വിളിയെത്തിയത്. ‘‘പന്ന്യൻ സാറേ, പ്രചാരണത്തിനിടെ ഉണ്ടായ ചില തെറ്റിദ്ധാരണകൾ തിരുത്താൻ വിളിച്ചതാണ് ’’ എന്ന ആമുഖത്തോടെയാണ് തരൂർ തുടങ്ങിയത്. താരതമ്യേന സീറ്റെണ്ണം കൂടുതലാകുമെന്നതിനാൽ കോൺഗ്രസിന്റെ പ്രതിനിധിയായി പാർലമെന്റിലേക്ക് പോകുന്ന തനിക്കായിരിക്കും ലോക്സഭയിൽ കൂടുതൽ സംസാരിക്കാൻ സമയം ലഭിക്കുക എന്നാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു തരൂരിന്റെ വിശദീകരണം.
‘നിങ്ങൾ മനസ്സിൽ ഉദ്ദേശിച്ചത് എന്തായാലും പറഞ്ഞ കാര്യം മറ്റൊന്നല്ലേ..?’ എന്നായി പന്ന്യൻ. മാത്രമല്ല, തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ‘വ്യക്തിപരമായി അപ്പുറം ഇപ്പുറവും പറയണ്ട’ എന്ന് പരസ്പരം തീരുമാനിച്ച കാര്യവും പന്ന്യൻ ഓർമിപ്പിച്ചു. തെറ്റിദ്ധാരണ ഒഴിവാക്കണമെന്നായി തരൂർ. പക്ഷേ, വിടാൻ പന്ന്യൻ ഒരുക്കമായിരുന്നില്ല. ‘‘ചന്ദ്രശേഖറും തരൂരുമാണ് മത്സരമെന്നും പന്ന്യനെന്താ കാര്യം എന്നും ചോദിച്ചാൽ അതിന്റെ അർഥമെന്താണ്? നിങ്ങൾ പറഞ്ഞത് വലിയ മോശമായി പോയി. പറയാൻ പാടില്ലാത്തതായിരുന്നു’’- പന്ന്യൻ കടുപ്പിച്ചു. ‘ഞാൻ ആരോടും പ്രത്യേകം വിരോധം വെച്ചുപുലർത്തുന്നയാളല്ല. നിങ്ങളങ്ങനെ പറഞ്ഞപ്പോ വലിയ വിഷമമായി. അത് ഞാൻ പരസ്യമായി പറഞ്ഞെന്നേയുള്ളൂ’വെന്നും പന്ന്യൻ കൂട്ടിച്ചേർത്തു. പ്രചാരണ കാലത്തെ പരാമര്ശങ്ങളൊന്നും മനഃപൂർവമല്ലെന്നായി തരൂർ. ഒടുവിൽ നേരിൽ കണ്ട് സംസാരിക്കാമെന്ന് പറഞ്ഞ് ഇരുവരും സംസാരം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.