'ബഹിഷ്കരിക്കേണ്ടിയിരുന്നത് മന്ത്രിയെയാണ്; ക്രിക്കറ്റ് കളിയെ ആയിരുന്നില്ല'
text_fieldsതിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ കാണികൾ കുറവായതുമായി ബന്ധപ്പെട്ട് തന്‍റെ പ്രസ്താവനയിൽ വിശദീകരണവുമായി ശശി തരൂർ എം.പി. ബഹിഷ്കരണം എന്നത് ജനാധിപത്യപരമായ അവകാശമാണ്, പക്ഷെ, ബഹിഷ്കരണം നടത്തുന്നവർ ആർക്കെതിരെയാണോ പ്രതിഷേധിക്കുന്നത് ആ വ്യക്തിയെയായിരിക്കണം ലക്ഷ്യം വെക്കേണ്ടത്. യഥാർഥത്തിൽ പ്രതിഷേധിക്കുന്നവർ ബഹിഷ്കരിക്കേണ്ടിയിരുന്നത് മന്ത്രിയെയാണ്, ക്രിക്കറ്റ് കളിയെ ആയിരുന്നില്ല -ശശി തരൂർ പറഞ്ഞു.
കായിക മന്ത്രിയുടെ വിവേകശൂന്യമായ പരാമർശത്തിൽ രോഷാകുലരായതിനാൽ മൂന്നാം ഏകദിനത്തിൽ കാണികൾ വളരെ കുറവായതിൽ ഖേദം പ്രകടിപ്പിച്ച് ഇന്നലെ ഞാൻ നടത്തിയ പ്രസ്താവന ചിലർ തെറ്റിദ്ധരിച്ചതായി തോന്നുന്നു.
ബഹിഷ്കരണം എന്നത് ജനാധിപത്യപരമായ അവകാശമാണ്; പക്ഷെ, ബഹിഷ്കരണം നടത്തുന്നവർ ആർക്കെതിരെയാണോ പ്രതിഷേധിക്കുന്നത് ആ വ്യക്തിയെയായിരിക്കണം ലക്ഷ്യം വെക്കേണ്ടത്. ടിക്കറ്റ് വാങ്ങാൻ പണമില്ലാത്തവർ മത്സരത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന മന്ത്രിയുടെ പരിഹാസത്തിൽ പ്രകോപിതരായവരോട് എനിക്ക് എതിർപ്പില്ല.
എന്നാൽ മത്സരം കാണാൻ പോലും മെനക്കെടാതിരുന്ന സ്പോർട്സ് മന്ത്രിയെ സംബന്ധിച്ചിടത്തോളം സ്റ്റേഡിയം നിറഞ്ഞിട്ടുണ്ടോ അതോ കാലിയാണോ എന്നതൊരു പ്രശ്നമല്ല. അതുകൊണ്ടു തന്നെ ഈ ബഹിഷ്കരണം അദ്ദേഹത്തെ ബാധിക്കാൻ ഇടയില്ല. യഥാർത്ഥത്തിൽ പ്രതിഷേധിക്കുന്നവർ ബഹിഷ്കരിക്കേണ്ടിയിരുന്നത് മന്ത്രിയെയാണ്; ക്രിക്കറ്റ് കളിയെ ആയിരുന്നില്ല.
ഇന്നലത്തെ ബഹിഷ്കരണം പ്രതികൂലമായി ബാധിക്കുന്നത് തിരുവനന്തപുരത്തെ ക്രിക്കറ്റിന്റെ സാധ്യതകളെയാണ്. മന്ത്രിയുമായോ അദ്ദേഹത്തിന്റെ വിവേകശൂന്യമായ അഭിപ്രായങ്ങളുമായോ ഒരു ബന്ധവുമില്ലാത്ത കെ.സി.എയ്ക്ക്, ഈ വർഷാവസാനം ലോകകപ്പ് വേദിയായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള തങ്ങളുടെ വാദത്തെ ശക്തിപ്പെടുത്താൻ നല്ല ജനപങ്കാളിത്തം ആവശ്യമായിരുന്നു. ഇന്നലത്തെ കാലിയായ സ്റ്റേഡിയം ഒരു കാരണമായി ബി.സി.സി.ഐ നമുക്കെതിരെ ഒരു തീരുമാനമെടുത്താൽ കേരളത്തിലെ കായികപ്രേമികളെയാണ് അത് പ്രതികൂലമായി ബാധിക്കുന്നത് എന്നത് നാം മനസ്സിലാക്കേണ്ടതാണ്.
ഈ അഭിപ്രായമാണ് ഞാൻ സ്റ്റേഡിയത്തിൽ വെച്ച് പ്രകടിപ്പിച്ചത്. പക്ഷെ, എന്റെ അഭിപ്രായം ഭാഗികമായും വ്യത്യസ്‌തവുമായുമാണ് റിപ്പോർട്ട് ചെയ്തത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. അത് കൊണ്ടാണ് ഇത്തരമൊരു വിശദീകരണം നടത്തേണ്ടി വന്നത്. ഒരു ക്രിക്കറ്റ് ഫാൻ എന്ന നിലക്കും തിരുവനന്തപുരം ടോപ് ക്ലാസ് ക്രിക്കറ്റിന്റെ വേദിയാകണം എന്നാഗ്രഹിക്കുന്ന സ്ഥലം എം.പി എന്ന നിലക്കുമാണ് തന്‍റെ വിശദീകരണമെന്നും ശശി തരൂർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.