തരൂർ തേടുന്നതെന്ത്...? മുഖ്യമന്ത്രി പദവിയടക്കം ലക്ഷ്യങ്ങൾ പലത്
text_fieldsശശി തരൂർ
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ ആവർത്തിച്ച് വെല്ലുവിളിക്കുന്ന ശശി തരൂർ എം.പിയുടെ മനസ്സിൽ എന്താണ്...? തരൂരിന്റെ ലക്ഷ്യം ചെറുതല്ല. മുഖ്യമന്ത്രി സ്ഥാനാർഥിത്വം ഉൾപ്പെടെയുള്ള മോഹങ്ങൾ വിവാദ അഭിമുഖത്തിൽ തരൂർ പറയാതെ പറയുന്നുണ്ട്. ഭരണം പിടിക്കാൻ പാർട്ടിക്ക് പുറത്തുള്ള വോട്ട് കിട്ടണമെന്നും തനിക്ക് പാർട്ടിക്ക് അതീതമായ പിന്തുണയുണ്ടെന്നും അവകാശപ്പെടുന്ന തരൂർ മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിനായി വി.ഡി. സതീശനും രമേശ് ചെന്നിത്തലക്കുമിടയിലെ വടംവലിയിൽ തന്റെ പേരും കൂട്ടിച്ചേർക്കുകയാണ്.
എളുപ്പത്തിൽ കിട്ടാനിടയില്ലാത്ത മുഖ്യമന്ത്രി പദവി പോലെ വലിയ കാര്യങ്ങൾ പറഞ്ഞ് കലഹിക്കാൻ മാത്രം ബുദ്ധിമോശം തരൂർ കാണിക്കുമോയെന്ന ചോദ്യം പാർട്ടിയിലും പുറത്തുമുണ്ട്. തരൂർ പാർട്ടി മാറ്റത്തിന് അരങ്ങൊരുക്കുന്നുവെന്ന അഭ്യൂഹത്തിന്റെ അടിത്തറ ആ ചോദ്യമാണ്. എന്നാൽ, കോൺഗ്രസ് നേതൃത്വത്തെ മുൾമുനയിൽ നിർത്തിയ തരൂർ ഇതുവരെ പാർട്ടി മാറ്റത്തിന്റെ സൂചന നൽകിയിട്ടില്ല. അതേസമയം, തരൂരിനായി സി.പി.എമ്മിന്റെ വാതിൽ പാതി തുറന്നുവെച്ചിട്ടുണ്ട്.
ബി.ജെ.പി പ്രതികരിച്ചിട്ടില്ലെങ്കിലും കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. തരൂരിനെ ചാടിക്കാൻ സംഘ്പരിവാർ ശ്രമം നടത്തുന്നതായി നേരത്തേ റിപ്പോർട്ടുകൾ വന്നിട്ടുള്ളതാണ്. ഫാഷിസത്തിനെതിരെ ശക്തമായ നിലപാടുള്ള തന്റെ പുസ്തകങ്ങൾ വായിക്കൂവെന്നാണ് അതിന് തരൂർ നൽകിയ മറുപടി. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള മൃദുസമീപനത്തിലൂടെ പാർട്ടി മാറ്റ അഭ്യൂഹത്തിന് തരൂർ ഇടക്കിടെ അവസരം നൽകുന്നുമുണ്ട്. തരൂരിന്റെ പോക്ക് എങ്ങോട്ടെന്നത് പിടികിട്ടുന്നില്ലെന്നാണ് കൂടെയുള്ളവരുടെ പ്രതികരണം.
പ്രവർത്തകസമിതിയംഗവും തലസ്ഥാനത്തെ എം.പിയുമൊക്കെ ആണെങ്കിലും ഹൈകമാൻഡിലും കേരളത്തിലും തരൂർ ആഗ്രഹിക്കുന്ന പരിഗണന കിട്ടാറില്ല. ഇപ്പോഴത്തെ വിവാദത്തിനൊടുവിലാണ് തരൂരിന് മൂന്നുവർഷത്തിനിടെ, രാഹുൽ ഗാന്ധിയെ കണ്ട് നേരിട്ടൊരു ചർച്ചക്ക് അവസരം ലഭിച്ചത്.
ഹൈകമാൻഡിലും സംസ്ഥാനത്തും താക്കോൽ സ്ഥാനമാണ് രാഹുലിനോട് തരൂർ ആവശ്യപ്പെട്ടത്. തൽക്കാലം സാധ്യമല്ലെന്ന രാഹുലിന്റെ മറുപടിക്ക് പിന്നാലെയാണ് കോൺഗ്രസിന് വേണ്ടെങ്കിൽ തനിക്ക് മറ്റുവഴികളുണ്ടെന്ന് തരൂർ വെല്ലുവിളിക്കുന്നത്.
മറ്റുവഴികളായി തരൂർ പറഞ്ഞത് എഴുത്തും പ്രസംഗങ്ങളുമാണ്. അതിനായി പാർട്ടി വിടേണ്ട കാര്യമില്ലെന്നിരിക്കെ, തരൂരിന്റേത് സമ്മർദ തന്ത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. വെറുമൊരു എം.പിയായി തുടരുന്നതിലെ നിരാശയിൽ നേതൃത്വത്തിൽനിന്ന് മുന്തിയ പരിഗണന പിടിച്ചുവാങ്ങാനാണ് തരൂർ ശ്രമിക്കുന്നത്. പൊതുസ്വീകാര്യതയുണ്ടെങ്കിലും പാർട്ടി പ്രവർത്തകരിൽ പിടിയില്ലാത്ത തരൂരിന് സംസ്ഥാനത്ത് ചുവടുറപ്പിക്കുക എളുപ്പമാകില്ല. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ഹൈകമാൻഡിന്റെ അതൃപ്തിക്ക് പാത്രമായ തരൂരിന് ഗാന്ധി കുടുംബത്തിൽ പ്രീതിയും നഷ്ടമായിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് സംസ്ഥാന നേതാക്കൾ തരൂരിൽനിന്ന് അകലം പാലിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.