ഡി.വൈ.എഫ്.ഐയുടെ പരിപാടിയിലേക്ക് ശശി തരൂരിന് ക്ഷണം; ആശംസ അറിയിച്ച് തരൂർ
text_fieldsശശി തരൂരിനൊപ്പം ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് എ.എ റഹീം എം.പി, സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ എന്നിവർ
ന്യൂഡൽഹി: സംസ്ഥാന സർക്കാറിന്റെ സ്റ്റാർട്ടപ് നയത്തെ പ്രകീർത്തിച്ചുള്ള ലേഖന വിവാദത്തിനിടെ, ശശി തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ച് ഡി.വൈ.എഫ്.ഐ. മാർച്ച് ആദ്യം തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിലേക്കാണ് നേതാക്കൾ തരൂരിനെ ഡൽഹിയിലെത്തി ക്ഷണിച്ചത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് എ.എ റഹീം എം.പി, സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ എന്നിവരാണ് തരൂരിനെ ക്ഷണിക്കാനെത്തിയത്.
എന്നാൽ, ആ ദിവസങ്ങളിൽ മറ്റ് പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ഡി.വൈ.എഫ്.ഐയുടെ പരിപാടിക്ക് എല്ലാ ആശംസകളും അറിയിക്കുന്നുവെന്നുമാണ് തരൂർ നേതാക്കളെ അറിയിച്ചത്. തരൂരിനൊപ്പമുള്ള ചിത്രം ഡി.വൈ.എഫ്.ഐ നേതാക്കൾ പങ്കുവെച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാറിനെ പ്രകീർത്തിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതൃത്വം തരൂരുമായി ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഡി.വൈ.എഫ്.ഐയുടെ ക്ഷണമെന്നത് ശ്രദ്ധേയമാണ്.
സംസ്ഥാന സർക്കാറിനെ പുകഴ്ത്തി കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ തരൂരിനെ കഴിഞ്ഞ ദിവസം രാഹുൽഗാന്ധി ചർച്ചക്കായി വിളിപ്പിച്ചിരുന്നു. നിലപാടിന് അണുവിട മാറ്റമില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയതിനെ തുടർന്നായിരുന്നു കൂടിക്കാഴ്ച. എന്നാൽ, ചർച്ചയുടെ വിശദാംശങ്ങൾ ഹൈകമാൻഡും തരൂരും പുറത്തുവിട്ടില്ല.
തുടങ്ങിവെച്ച വിവാദം രാഹുലുമായുള്ള കൂടിക്കാഴ്ചയോടെ അവസാനിപ്പിക്കാനാണ് ഹൈകമാൻഡും ശശി തരൂരും ആഗ്രഹിക്കുന്നതെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ഇരുകൂട്ടരുടെയും പ്രതികരണം. മൂന്നുവർഷത്തിനു ശേഷം ഇതാദ്യമായാണ് ശശി തരൂരും രാഹുൽ ഗാന്ധിയും തമ്മിൽ ഒറ്റക്കുള്ള ഒരു കൂടിക്കാഴ്ച നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.