ഉദ്ഘാടകന് കെ. സുധാകരനെ പരതി തരൂർ; തരൂരിനെ കെട്ടഴിച്ച് വിടണമെന്ന് നേതാക്കൾ
text_fieldsകൊച്ചി: 'അയ്യോ ഉദ്ഘാടകൻ വേദി വിട്ടു പോയോ, കാണുന്നില്ലല്ലോ' -ശശി തരൂരിന്‍റേതായിരുന്നു കമന്‍റ്. എറണാകുളത്ത് നടന്ന പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന കോൺക്ലേവ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ സ്ക്രീനിൽനിന്ന് മറഞ്ഞത് അറിയാതെ പ്രസംഗം തുടങ്ങിയ മുഖ്യാതിഥി ശശി തരൂർ ഇടക്ക് സുധാകരനോടായി എന്തോ പറയാൻ സ്ക്രീനിലേക്ക് നോക്കിയപ്പോഴായിരുന്നു ഈ കമന്‍റ്. താൻ രാവിലെ സുധാകരനോട് ഫോണിൽ സംസാരിച്ചെന്ന് പറഞ്ഞ് അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തു.
ഇതിനിടെ ശശി തരൂരിനെ കെട്ടഴിച്ച് വിടണമെന്ന് ചടങ്ങിൽ നേതാക്കളുടെ മുറവിളിയും ഉയർന്നു. ഹൈബി ഈഡൻ എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, മുൻ എം.എൽ.എ ശബരിനാഥ് എന്നിവരെല്ലാം ശശി തരൂരിനായി വാദമുഖങ്ങൾ നിരത്തി. അതേസമയം, സ്ഥലം എം.എൽ.എ ടി.ജെ. വിനോദ് ചടങ്ങിനെത്തിയെങ്കിലും പ്രസംഗത്തിന് നിൽക്കാതെ മുങ്ങി.
ശശി തരൂരിന്‍റെ വാക്കുകൾ കേൾക്കാൻ പണം നൽകിയും ആളുകൾ ക്യൂ നിൽക്കുന്ന സാഹചര്യമാണ് മറ്റ് രാജ്യങ്ങളിൽ ഉള്ളതെന്ന് ഹൈബി പറഞ്ഞു. അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുന്ന വലിയ സമൂഹം രാജ്യത്തും പുറത്തുമുണ്ട്. അദ്ദേഹത്തെ സ്വതന്ത്രനായി വിടാൻ എല്ലാവരും തയാറാകേണ്ടതുണ്ടെന്നും ഹൈബി ചൂണ്ടിക്കാട്ടി.
തരൂരിനെ പോലുള്ളവരെ ഇനിയും ബെഞ്ചിലിരുത്തരുതെന്ന് ശബരിനാഥ് പറഞ്ഞു. ഹൈബി പറഞ്ഞതു തന്നെയാണ് അദ്ദേഹത്തെക്കുറിച്ച് തനിക്കും പറയാനുള്ളതെന്നും ശബരിനാഥ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്‍റെ സേവനം സാധാരണക്കാരിലേക്ക് കൂടുതലായി എത്തേണ്ടതുണ്ട്.
പുതിയ കാലത്തിന്‍റെ രാഷ്ട്രീയമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. ഫുട്ബാളിൽ ഗോളടിക്കുന്നവരാണ് സ്റ്റാർ ആകാറുള്ളത്, എന്നാൽ ഗോളിയുടെ വില ആരും തിരിച്ചറിയാറില്ല. രാഷ്ട്രീയത്തിലെ ഗോളി പാർട്ടിയിലെ സാധാരണ പ്രവർത്തകരാണ്, അവരുടെ വികാരം തിരിച്ചറിയാൻ നേതാക്കൾക്ക് കഴിയണമെന്ന് മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. വിവാദങ്ങളെപ്പറ്റി ഒന്നും മിണ്ടാതെയായിരുന്നു സുധാകരന്റെ പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.