'കുടുംബവാഴ്ചയെ എതിർക്കണം, പക്ഷെ ചിലപ്പോൾ അസാമാന്യ കഴിവും പ്രതിഭയും പരമ്പരകളിലൂടെ ഒഴുകുന്നു എന്ന് സമ്മതിക്കേണ്ടിവരും'
text_fieldsകുടുംബ വാഴ്ചയെ സംബന്ധിച്ച് പുതിയ തിരിച്ചറിവുമായി ശശി തരൂർ എം.പി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ സ്ഥാനലബ്ധി സംബന്ധിച്ച് പരാമർശിക്കവെ ഒരു ലേഖനത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പറയുന്നത്. 'കുടുംബ വാഴ്ചയെ എതിർക്കണം, പക്ഷെ ചിലപ്പോൾ അസാമാന്യ കഴിവും പ്രതിഭയും പരമ്പരകളിലൂടെ ഒഴുകുന്നു എന്ന് സമ്മതിക്കേണ്ടിവരും' എന്നാണ് ഇതുസംബന്ധിച്ച ലേഖനത്തിൽ തരൂർ കുറിച്ചത്. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ തലപ്പത്ത് എത്തിയ പട്ടൗഡിമാരെയും തന്റെ ലേഖനത്തിൽ തരൂർ ഓർക്കുന്നുണ്ട്.
കോൺഗ്രസിന്റെ കുടുംബവാഴ്ചക്കെതിരെ പ്രതീകാത്മക പോരാട്ടം നടത്തിയ ശശി തരൂരിന്റെ പുതിയ അഭിപ്രായം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ അമരക്കാരനായ ഏക അച്ഛനും മകനുമാണ് വൈ.വൈ.ചന്ദ്രചൂഡും മകൻ ഡി.വൈ. ചന്ദ്രചൂഡും. സുപ്രീം കോടതിയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസാണ് ഡി.വൈ. ചന്ദ്രചൂഡ്. 2024 നവംബർ പത്തിന് വിരമിക്കുന്ന അദ്ദേഹത്തിന് രണ്ട് വർഷം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാനാകും.
സമീപകാലത്ത് വന്ന ചീഫ് ജസ്റ്റിസുമാരില്‍ ഏറ്റവും കൂടുതല്‍ കാലം പരമോന്നത നീതിപീഠത്തിന്‍റെ തലപ്പത്തിരിക്കുന്ന ആളാകും ഡി.വൈ. ചന്ദ്രചൂഡ്. കൃത്യമായി പറഞ്ഞാൽ രണ്ടു വര്‍ഷവും രണ്ട് ദിവസവും എന്നതാകും പരമോന്നത നീതിപീഠത്തിന്റെ തലവന്‍ എന്ന പദവിയില്‍ ചന്ദ്രചൂഡിന്‍റെ കാലാവധി. അച്ഛനും മകനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്നു എന്നതാണ് ചന്ദ്രചൂഡിന്‍റെ നിയമനത്തിലെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം. അച്ഛന്‍ ജസ്റ്റിസ് വൈ.വൈ. ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ഏഴ് വര്‍ഷവും നാല് മാസവും 19 ദിവസവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. (1978 ഫെബ്രുവരി മുതല്‍ 1985 വരെ).
എല്ലാക്കാര്യത്തിലും അച്ഛന്‍റെ പാത പിന്തുടർന്നാണ് ഡി വൈ ചന്ദ്രചൂഡ് പരമോന്നത നീതിപീഠത്തിന്‍റെ തലപ്പത്തുവരെ എത്തിയത്. സെന്റ് സ്റ്റീഫന്‍സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ നിന്ന് ബിരുദം, പിന്നെ ദില്ലി സര്‍വകലാശാലയിലെ കാമ്പസ് ലോ സെന്ററില്‍ നിന്ന് അച്ഛന്റെ പാതയില്‍ എത്താനുള്ള പഠനത്തിന്റെ ആദ്യപടി അങ്ങനെയായിരുന്നു. നിയമത്തിലെ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നാണ് സ്വന്തമാക്കിയത്.
ബോംബെ ഹൈക്കോടതിയിലാണ് ഡി വൈ ചന്ദ്രചൂഡ് പ്രാക്ടീസ് തുടങ്ങിയത്. പിന്നെ പ്രാക്ടീസ് സുപ്രീംകോടതിയിലേക്ക് മാറ്റി. 1998 - ല്‍ ഏറ്റവും കുറഞ്ഞ പ്രായത്തിൽ സീനിയര്‍ അഡ്വക്കേറ്റ് പദവിയിലെത്തുന്നവരിൽ ഒരാളായി അദ്ദേഹം മാറി. അന്ന് 39 വയസ് മാത്രമായിരുന്നു ചന്ദ്രചൂഡിന് ഉണ്ടായിരുന്നത്. പിന്നീട് ബോംബെ ഹൈക്കോടതി ജഡ്ജിയായ ചന്ദ്രചൂഡ് പിന്നെ അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് (2013) ആയി. മൂന്ന് കൊല്ലത്തിനിപ്പുറം 2016 മേയ് മാസം സുപ്രീംകോടതിയില്‍ ജഡ്ജിയായി നിയമനം ലഭിച്ചു. ഇടക്കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയും പ്രവര്‍ത്തിച്ചു.
അച്ഛനെ എല്ലാക്കാര്യത്തിലും പിന്തുടർന്ന മകൻ അച്ഛന്‍റെ വിധികൾ തിരുത്താൻ ഒരു മടിയും കാട്ടിയിട്ടില്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. പൗരവകാശത്തിന്റെ ശക്തനായ വക്താവ് എന്ന് ജസ്റ്റിസ് ഡി.വൈ .ചന്ദ്രചൂഡിനെ വിശേഷിപ്പിക്കുന്നവർ ഏറെയാണ്. സ്വകാര്യത അടിസ്ഥാന അവകാശമാണെന്ന വിധിന്യായം തന്നെ അതിന് ഏറ്റവും വലിയ തെളിവ്. 2017- ലെ വിധിന്യായം അടിയന്തരാവസ്ഥക്കാലത്തുണ്ടായ ഒരു വിവാദ ഉത്തരവാണ് തിരുത്തിയത്.
മൗലികാവകാശങ്ങള്‍ മാനിക്കാതിരിക്കാമെന്നും പൗരന്‍മാര്‍ക്ക് അവകാശ സംരക്ഷണത്തിനായി കോടതികളെ സമീപിക്കാന്‍ കഴിയില്ലെന്നും ആയിരുന്നു അടിയന്തിരാവസ്ഥക്കാലത്തെ വിധി. അച്ഛന്‍ വൈ.വൈ. ചന്ദ്രചൂഡ് നയിച്ച അഞ്ചംഗബെഞ്ചിന്‍റെതായിരുന്നു (ADM Jabalpur case ) ആ ഉത്തരവ്. അന്ന് ആ വിധിന്യായത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയത് ജസ്റ്റിസ് എച്ച് ആര്‍ ഖന്ന മാത്രമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം, കൃത്യമായി പറഞ്ഞാല്‍ 41 കൊല്ലം കഴിഞ്ഞപ്പോള്‍ അച്ഛനെ തിരുത്തിയ മകന്‍ പറഞ്ഞത്, ജസ്റ്റിസ് ഖന്നയുടെ ന്യായമായിരുന്നു ശരിയെന്നായിരുന്നു. പിന്നെയും അച്ഛന്‍ പുറപ്പെടുവിച്ച വിധിന്യായം മകന്‍ തിരുത്തിയെഴുതി. ദാമ്പത്യത്തിലെ അവിഹിത ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കി.
ദയാവധം, സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കല്‍, ഹാദിയ കേസ്, ശബരിമലയിലെ സ്ത്രീ പ്രവേശനം, ഏറ്റവും ഒടുവില്‍ സ്ത്രീകളുടെ ഗര്‍ഭഛിദ്രാവകാശം, അങ്ങനെ സമീപകാലത്ത് രാജ്യം ചര്‍ച്ച ചെയ്ത, രാജ്യത്തിന് പുതിയ ദിശാബോധം നല്‍കിയ നിരവധി വിധിന്യായങ്ങളില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നീതിബോധവും ഉണ്ടായിരുന്നു. അയോധ്യ തര്‍ക്കത്തില്‍ 2019-ല്‍ അന്തിമവിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിലും അംഗമായിരുന്നു ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.