പഴയ ട്വീറ്റ് എടുത്തിട്ട് ‘കേരള സ്റ്റോറി’ സിനിമക്ക് സമൂഹ മാധ്യമത്തിൽ പ്രചാരണം; മറുപടിയുമായി ശശി തരൂർ
text_fieldsകേരളത്തെ മോശമായി ചിത്രീകരിക്കുന്ന ‘കേരള സ്റ്റോറി’ എന്ന സിനിമക്കെതിരെ നിലപാട് പരസ്യമാക്കിയ ശശി തരൂർ രണ്ടു വർഷം മുമ്പ് നടത്തിയ ട്വീറ്റ് എടുത്തിട്ട് വിമർശനവും സിനിമ പ്രചാരണവുമായി ചിലർ. കേരളത്തിൽനിന്ന് അഫ്ഗാനിസ്താനിലേക്ക് പോയ ചില പെൺകുട്ടികളുടെ മാതാക്കൾ തന്നെ സമീപിച്ചതായും അവരെ തിരികെയെത്തിക്കാൻ ശ്രമം നടത്തണമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ കണ്ട് അപേക്ഷിച്ചതായും പറയുന്നതാണ് ട്വീറ്റ്. ഒരു എം.പിയെന്ന നിലക്ക് വിഷയത്തെ കുറിച്ച് ബോധ്യമുണ്ടെന്നും ട്വീറ്റ് അവസാനിപ്പിക്കുന്നു. കേരള സ്റ്റോറി സിനിമ പോസ്റ്ററിനൊപ്പം ഈ ട്വീറ്റ് കൂടി നൽകിയാണ് ഒരു വിഭാഗം സമൂഹ മാധ്യമങ്ങളിൽ സജീവമായത്.
എന്നാൽ, സിനിമക്ക് പ്രചാരണം നൽകാൻ തന്റെ ട്വീറ്റ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുട്ടെന്നും 32,000 എന്ന അക്കം മുന്നോട്ടുവെക്കുന്ന സിനിമയും തന്റെ വാക്കുകളും തമ്മിൽ ബന്ധമില്ലെന്നും തരൂർ വിശദീകരണത്തിൽ പറയുന്നു.
‘‘2021ലെ എന്റെ ഒരു ട്വീറ്റ് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ‘കേരള സ്റ്റോറി’ പ്രചാരണത്തിനും ട്രെയ്‍ലറിനുമെതിരെ എന്റെ എതിർപ്പുകളെ ദുർബലപ്പെടുത്തുന്നതാണ് അത്. ശരിയാണ്, അന്ന് കേരളത്തിലെ മൂന്ന് അമ്മമാർ എന്നെ വന്നുകണ്ടിരുന്നു. നാലാമത്തെ ഒരു കേസ് കൂടി എനിക്കറിയാവുന്നതുമുണ്ടായിരുന്നു. ഈ പെൺകുട്ടികൾ തീവ്രവാദത്തിലേക്ക് എത്തിപ്പെടുന്നതിൽ എന്റെ ആശങ്ക ഞാൻ വ്യക്തമാക്കിയതാണ്. എന്നാൽ, സിനിമ ഉണ്ടാക്കിയവർ പറയുന്ന 32,000 വും ഞാൻ പറഞ്ഞ നാലും അതിവിദൂര സാമ്യം പോലുമില്ലാത്തതാണ്. അത്രയും ഐസിസ് വനിത അംഗങ്ങളണ്ടെങ്കിൽ അവരുടെ ഭർത്താക്കന്മാരെ കൂടി ചേർത്താൽ എണ്ണം ഇരട്ടിയാകണം. എന്നാൽ, പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളുടെ കണക്കുകൾ പ്രകാരം പോലും മൊത്തം ഇന്ത്യയിൽനിന്ന് ഐസിസിലെത്തിയവർ മുന്നക്കം കടന്നിട്ടില്ല. കേരള യാഥാർഥ്യത്തെ ഇങ്ങനെ വളച്ചൊടിക്കുന്നതും ഊതിവീർപിക്കുന്നതുമാണ് ഞാൻ എതിർക്കുന്നത്’’- ശശി തരൂരിന്റെ ട്വീറ്റ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.