സമുദായ നേതാക്കളെ അങ്ങോട്ട് പോയി കണ്ടതല്ല; ക്ഷണിച്ചത് കൊണ്ടെന്ന് തരൂർ
text_fieldsമലപ്പുറം: സമുദായ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച അവർ ക്ഷണിച്ചത് പ്രകാരമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. സമുദായ നേതാക്കളെ അങ്ങോട്ട് പോയി കണ്ടതല്ല. എല്ലാ സമുദായിക നേതാക്കളോടും ബഹുമാനമാണ്. താനുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന്‍റെ ഭാവിയെ കുറിച്ചാണ് സമുദായിക നേതാക്കൾ ചർച്ച ചെയ്യുന്നതെന്നും തരൂർ പറഞ്ഞു
കഴിഞ്ഞ 14 വർഷമായി വിവിധ സംഘടനകളുടെ പരിപാടികളിൽ താൻ പ്രസംഗിക്കാറുണ്ട്. തന്‍റെ പര്യടനങ്ങളെ വലിയ കഥയാക്കേണ്ട കാര്യമില്ല. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശേഷം മാധ്യമങ്ങൾ വേറെരീതിയിലാണ് കാണുന്നത്. മാധ്യമങ്ങൾ ഉണ്ടാക്കുന്ന വിവാദമാണിതെന്നും തരൂർ വ്യക്തമാക്കി.
കേരളത്തെ കർമ്മഭൂമിയായി കാണുന്നു. തിരുവനന്തപുരത്തെ ജനങ്ങൾ ആഗ്രഹിച്ചാൽ ഇനിയും മത്സരിക്കും. എല്ലാ സമുദായത്തിൽപ്പെട്ടവർ തന്‍റെ മണ്ഡലത്തിലുമുണ്ട്. മുഖ്യമന്ത്രി പദം അടക്കമുള്ള കാര്യങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നതിൽ പ്രസക്തിയില്ല. അതിന് 2026 വരെ കാത്തിരിക്കണം.
ഇപ്പോൾ കേരളത്തിന് ഒരു മുഖ്യമന്ത്രിയുണ്ട്. അദ്ദേഹത്തിന് ഭൂരിപക്ഷവുമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് ഒഴിവ് വരാൻ ഒരു സാഹചര്യവുമില്ല. 2024ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ വിഷയത്തിൽ പാർട്ടിയും ജനങ്ങളുമാണ് തീരുമാനിക്കേണ്ടതെന്നും തരൂർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.