കോൺഗ്രസിൽ ഇനി ഒരു ഗ്രൂപ്പ് വേണമെങ്കിൽ 'യു' മതി -ശശി തരൂർ; 'എനിക്ക് ആരെയും ഭയമില്ല, എന്നെയും ആർക്കും ഭയമില്ല'
text_fieldsമലപ്പുറം: തന്റെ പാണക്കാട് യാത്രയിൽ അസാധാരണമായി ഒന്നുമില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. മലബാറിൽ വരുമ്പോഴൊക്കെ പാണക്കാട് പോകാറുണ്ട്. ഇതുവഴി വരുമ്പോൾ ഇവിടെ കയറാതിരിക്കുന്നത് മര്യാദയല്ല. ഇത് അസാധാരണ സംഭവമല്ല. രണ്ട് യു.ഡി.എഫ് എം.പിമാർ ഒരു യു.ഡി.എഫ് ഘടകകക്ഷി നേതാവിന്റെ വീട്ടിൽ പോകുന്നു, അത്രമാത്രം -ശശി തരൂർ പാണക്കാട് തങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ശശി തരൂരിന്റെ സന്ദർശനത്തെ ആരാണ് ഭയക്കുന്നത് എന്ന ചോദ്യത്തിന് 'എനിക്ക് ആരെയും ഭയമില്ല, എന്നെ ആർക്കും ഭയമില്ല, അതിന്റെ ആവശ്യമേയില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'കോൺഗ്രസിൽ ഗ്രൂപ്പുണ്ടാക്കാൻ താൽപര്യമില്ല. എയും ഐയും ഒക്കെ കൂടുതലാണ്. ഒയും ഇയും ഒന്നും വേണ്ട. അഥവാ ഇനി ഒരക്ഷരം വേണമെന്നുണ്ടെങ്കിൽ യുനൈറ്റഡ് കോൺഗ്രസ് എന്നതിനെ പ്രതിനിധീകരിക്കുന്ന 'യു' ആണ് വേണ്ടത്' -തരൂർ പറഞ്ഞു.
ഞങ്ങൾ കോൺഗ്രസിനും യു.ഡി.എഫിനും ഞങ്ങളുടെ സ്വന്തം വിശ്വാസത്തിനും വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യത്ത് ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം നടക്കുന്ന കാലത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയം ആണ് വേണ്ടത്. അതാണ് എന്റെ രാഷ്ട്രീയം. ഇൻക്ലൂസീവ് ഇന്ത്യയാണ് എന്റെ ആഗ്രഹം. ചെന്നൈയിലും ബംഗളൂരുവിലും ലീഗ് സൗഹാർദസംഗമം നടത്തിയത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ഡിസംബറിൽ ഡൽഹിയിലും സംഘടിപ്പിക്കുമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. അതൊക്കെ നല്ലതാണ്. വർഗീയതയുടെ പകരം എല്ലാവരെയും ഒരുമിപ്പിച്ച് ഭാരതത്തിന്റെ ഭാവിക്ക് വേണ്ടി പ്രവൃത്തിക്കണം -അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് ശശി തരൂർ എം.പിയും എം.കെ രാഘവൻ എം.പിയും മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ എത്തിയത്. സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ അടക്കമുള്ളവർ ഇരുവരെയും സ്വീകരിച്ചു.
തുടർന്ന് ഡി.സി.സി ഓഫിസിൽ എത്തും. പെരിന്തൽമണ്ണയിൽ ഹൈദരലി തങ്ങളുടെ പേരിലുള്ള സിവിൽ സർവിസ് അക്കാദമിയിൽ വിദ്യാർഥികളുമായി സംവദിക്കും. വൈകീട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരെ സന്ദർശിക്കും.
ബുധനാഴ്ച കണ്ണൂരിലാണ് തരൂരിന്‍റെ പരിപാടികൾ. എത്തുന്നിടത്തെല്ലാം വലിയ ജനപിന്തുണയാണ് തരൂരിന് ലഭിക്കുന്നത്. ജനകീയ അടിത്തറ ശക്തമാക്കും വിധമാണ് തരൂരിന്‍റെ നീക്കങ്ങൾ. എല്ലാ മതവിഭാഗങ്ങളുടെ കേന്ദ്രങ്ങളും സാംസ്കാരിക നേതാക്കളുടെ വസതികളും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.