ഇത്തവണ കൂടി മത്സരിച്ച് യുവാക്കൾക്കായി വഴിമാറുമെന്ന് ശശി തരൂർ; എം.ടി.യുടെ പരാമർശത്തിലെ ഒരാൾ ഡൽഹിയിലും മാറ്റൊരാൾ കേരളത്തിലുമാണെന്ന്
text_fieldsവരാനിരിക്കുന്ന തെരഞ്ഞെടുപ്പോടെ മത്സരരംഗത്ത് നിന്നും മാറിനിൽക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. ഇത്തവണ കൂടി മത്സരിച്ചാൽ യുവാക്കൾക്കായി വഴിമാറുമെന്ന് ശശി തരൂർ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിൽ യുവാക്കൾക്ക് അവസരം നൽകണമെന്നാണ് തെൻറ നിലപാടെന്ന് നേരത്തെയും തരൂർ വ്യക്തമാക്കിയിരുന്നു. എം ടിയുടെ പരാമർശത്തിലെ ഒരാൾ ഡൽഹിയിലും മാറ്റൊരാൾ കേരളത്തിലുമാണ്. രാഷ്ട്രീയത്തിലെ ഭക്തി അപകടകരമെന്ന് അംബേദ്‌കർ പറഞ്ഞിട്ടുണ്ട്. എം ടി യുടേത് അംബേദ്ക്കറുടെ അതെ ചിന്തയാണെന്ന് തരൂർ അഭിപ്രായപ്പെട്ടു.
ഒരു രാഷ്ട്രീയ നേതാവിനോട് ഇങ്ങനെ ഭക്തി കാണിച്ചാൽ എങ്ങനെയാണ് അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ കഴിയുക. ഒരു രാഷ്ട്രീയ നേതാവിനെ ദൈവത്തെ പോലെ കണ്ടാൽ രാജ്യം വഴിതെറ്റും. 20 വർഷം മുൻപത്തെ ലേഖനം എം.ടി ഇപ്പോൾ പ്രസംഗിച്ചാൽ അതിന് ഇപ്പോഴും പ്രസക്തി ഉണ്ടെന്ന് മനസ്സിലാക്കാം. കോൺഗ്രസിന്റെ ഇപ്പോഴത്തെ ശ്രദ്ധ ഭാരത് ന്യായ് യാത്രയിലാണ്. ചർച്ച നടക്കട്ടെ തീരുമാനം വരട്ടെ അതുവരെ വിവാദങ്ങൾ ഉണ്ടാക്കാൻ ഒരു താൽപര്യവുമില്ലെന്ന് ശശി തരൂർ വ്യക്തമാക്കി. തരൂരിനെ തിരുവനന്തപുരത്ത് നിന്നും തോൽപിക്കാൻ ആർക്കും കഴിയില്ലെന്ന് കഴിഞ്ഞ ദിവസം മുതിർന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ പ്രസംഗിച്ചിരുന്നു. പാർലമെൻറ് തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ രാജഗോപാൽ നടത്തിയ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. ബി.ജെ.പിയുടെ ചില കേന്ദ്രനേതാക്കൾ മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, തിരുവനന്തപുരത്ത് മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപിക്കാനാവില്ലെന്ന് ശശി തരൂർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കണോ എന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഞാൻ തയാറാണ്. പാർട്ടി ആവശ്യപ്പെട്ടാൽ ഞാൻ മത്സരിക്കുമെന്നും തരൂർ പറഞ്ഞു. എതിരാളി നരേന്ദ്ര മോദി ആയാലും പ്രശ്നമില്ല. ഞാൻ ചെയ്ത സേവനങ്ങൾ ജനങ്ങൾ കണ്ടിട്ടുണ്ട്. എന്‍റെ ഗുണങ്ങളും കഴിവുകളും കഴിവില്ലായ്മയുമെല്ലാം ജനം കണ്ടിട്ടുണ്ട്. അവർക്ക് മതിയായി എന്ന് തോന്നിയാൽ എം.പിയെ മാറ്റാൻ അവർക്ക് അവകാശമുണ്ട്. രാഷ്ട്രീയത്തിൽ വരുമ്പോൾ വിദേശകാര്യ മന്ത്രിയാകുക എന്നത് ആഗ്രഹമായിരുന്നു. ഇനി അത് ജനങ്ങളുടെ കൈയിലാണ്. പാർട്ടി ആവശ്യപ്പെട്ടാൽ നാലാമത്തെ തവണ, അവസാനത്തെ തവണയായിരിക്കും എം.പി ആകുകയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയിൽ ഫോക്കസ് ലോക്സഭയിലാണ്. അതിനുശേഷം ആ സമയത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നിയമസഭയിലേക്ക് മത്സരിക്കുന്നത് നോക്കാമെന്നും തരൂർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.