‘ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ’ എന്ന് മന്നം പറഞ്ഞത് താൻ രാഷ്ട്രീയത്തിൽ അനുഭവിക്കുന്നു -തരൂർ
text_fieldsചങ്ങനാശ്ശേരി: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പുമായി എൻ.എസ്.എസ് വേദിയിൽ ശശി തരൂർ എം.പി. ‘ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ’ എന്ന് മന്നത്ത് പത്മനാഭൻ പറഞ്ഞിട്ടുണ്ടെന്ന് ശശി തരൂർ പറഞ്ഞു. മന്നം ഇത് പറഞ്ഞത് വർഷങ്ങൾക്ക് മുൻപാണ്. രാഷ്ട്രീയത്തിൽ താനിത് ചിലപ്പോഴൊക്കെ അനുഭവിക്കുന്നുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി. മന്നത്ത് പത്മനാഭന്റെ 146-ാമത് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് തരൂരിന്‍റെ പാർട്ടി നേതൃത്വത്തിനെതിരായ പരാമർശം.
ഡി.സി.സികളെ അറിയിക്കാതെ ശശി തരൂർ മലബാർ പര്യടനം നടത്തുന്നതിനെതിരെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനുള്ളിൽ പ്രതിഷേധം ഉയർന്നിരുന്നു. മുൻ നിശ്ചയിച്ച പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വം പിന്മാറുന്നത് വരെയുണ്ടായി. ഇതിനെതിരെ തരൂരിനെ പിന്തുണക്കുന്ന വിഭാഗം രംഗത്തുവരികയും നിശ്ചയിച്ച ദിവസം തന്നെ പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
കൂടാതെ, കോട്ടയം ഡി.സി.സിയെ അറിയിക്കാതെ ജില്ലയിൽ തരൂർ പര്യടനം നടത്തുന്നതിനെതിരെ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പരസ്യ വിമർശനം ഉയർത്തിി രംഗത്തുവന്നിരുന്നു. 14 വർഷമായി എന്താണ് തരൂർ പാർട്ടിക്ക് വേണ്ടി ചെയ്തതെന്ന് നാട്ടകം സുരേഷ് ചോദിച്ചു. താനുൾപ്പെടെയുള്ള പ്രവർത്തകർ കെ-റെയിൽ സമരത്തിൽ വെയിലും മഴയും കൊണ്ടപ്പോൾ പിണറായി വിജയന് പിന്തുണ നൽകിയ ആളാണ് തരൂർ. ഇതിനൊക്കെ തരൂരിന് പിന്തുണ നൽകുന്നവർ മറുപടി പറയണമെന്നും നാട്ടകം സുരേഷ് ആവശ്യപ്പെട്ടിരുന്നു.
മന്നത്ത് പത്മനാഭന്റെ 146-ാമത് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ശശി തരൂരിനെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രശംസിച്ചിരുന്നു. തരൂർ ഡൽഹി നായരല്ലെന്നും കേരള പുത്രനും വിശ്വ പൗരനുമാണെന്നും സുകുമാരൻ നായർ പുകഴ്ത്തി.
ശശി തരൂർ തിരുവനന്തപുരത്ത് മത്സരിക്കാൻ വന്നപ്പോൾ ഡൽഹി നായർ എന്ന് വിളിച്ചു. അദ്ദേഹം ഡൽഹി നായരല്ല, കേരള പുത്രനാണ്. വിശ്വ പൗരനാണ്. അദ്ദേഹത്തെപ്പോലെ യോഗ്യതയുള്ള മറ്റൊരാളെയും മന്നം ജയന്തി ഉദ്ഘാടകനായി താൻ കാണുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ശശി തരൂരിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
അതേസമയം, ശശി തരൂരിനെ സുകുമാരൻ നായർ പ്രശംസിച്ചതിൽ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. ഏത് കോൺഗ്രസ് നേതാവിനെ ആര് പുകഴ്ത്തിയാലും സ്വാഗതം ചെയ്യുന്നു. പരിപാടിയിൽ ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കേണ്ടത് സംഘാടകരാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.