ലീഗ് റാലിയെ സയണിസ്റ്റ് വേദിയാക്കുന്നതിൽ ശശി തരൂർ വിജയിച്ചു -ഐ.എൻ.എൽ
text_fieldsകോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച ഇസ്രായേൽ അനുകൂല നിലപാടിനോട് മുമ്പേ കൂറ് പ്രഖ്യാപിച്ച കോൺഗ്രസ് നേതാവ് ശശി തരൂരിനെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് എഴുന്നെള്ളിച്ചതിനും ഹമാസിന്‍റെ ചെറുത്തുനിൽപ് ശ്രമങ്ങളെ ‘ഭീകരവാദികളുടെ ആക്രമണ’മെന്ന് പരസ്യമായി വിളിച്ചുപറയുന്നതിന് അവസരമൊരുക്കിയതിനും മുസ്ലിം ലീഗ് നേതൃത്വം ഫലസ്തീനികൾക്ക് വേണ്ടി മനസ് പിടയുന്ന ആഗോള സമൂഹത്തോട് മാപ്പ് പറയണമെന്ന് ഐ.എൻ.എൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.
സയണിസ്റ്റ് ഭീകരാക്രമണങ്ങളിൽ ദിനേന നൂറകണക്കിന് കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ചു കൊണ്ടിരിക്കുമ്പോഴാണ് മാതൃരാജ്യത്തിനു വേണ്ടി പൊരുതുന്ന ജനക്കൂട്ടത്തെ ശശി തരൂർ ഭീകരവാദികളാക്കി ചിത്രീകരിക്കാൻ ലീഗ് വേദിയെ മനഃപൂർവം ഉപയോഗിച്ചത്. ഇസ്രായേൽ അനൂകുല പടിഞ്ഞാറൻ ശക്തികൾ പോലും സയണിസ്റ്റ് കൈരാതം കണ്ട് സഹിക്കാനാവാതെ, ഹമാസിന്‍റെ പോരാട്ടത്തെ മഹത്വവത്കരിക്കുകയും ഇസ്രായേൽ എന്ന തെമ്മാടി രാഷ്ട്രത്തെ ശക്തമായി എതിർക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിലാണ് ഒക്ടോബർ 7നെ സെപ്റ്റംബർ 11 ആയി സമീകരിച്ച് സയണിസ്റ്റുകളെ വെള്ളപുശാൻ ശശി തരൂർ ശ്രമിക്കുന്നത്.
ആർ.എസ്.എസ് മുൻ സർസംഘ്ചാലക് ദേവരസിന്‍റെ സമ്മർദത്തിൽ രാജ്യത്തിന്‍റെ ഫലസ്തീൻ അനുകൂല നിലപാടിൽ വെള്ളം ചേർത്ത പി.വി നരസിംഹ റാവു എന്ന സംഘ്പരിവാറുകാരന്‍റെ യഥാർഥ അനുയായി ആണ് താനെന്ന് ശശി തരൂർ തെളിയിച്ചിരിക്കുന്നു. കോൺഗ്രസുകാർ തങ്ങൾക്ക് എന്തുമാത്രം ബാധ്യതയാണെന്ന് മനസിലാക്കാൻ ലീഗ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് ഏറെ ഖേദകരമെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.