പ്രതിപക്ഷ ഐക്യത്തെ ചെറു പാർട്ടികൾ നയിക്കട്ടെ എന്ന് ശശി തരൂർ
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ താനായിരുന്നെങ്കിൽ പ്രതിപക്ഷ ഐക്യത്തിന്റെ സംഘാടന ചുമതല ഏറ്റെടുക്കാൻ ചെറു പാർട്ടികളിലൊന്നിനെ പ്രേരിപ്പിച്ചേനെ എന്ന് ശശി തരൂർ എം.പി. സ്ഥാനമാനങ്ങളേക്കാൾ ഐക്യം പ്രധാനമായ സന്ദർഭമാണിത്. കോൺഗ്രസിന്റെ ചിന്താധാര എല്ലാവർക്കും അറിയാം. അത് അംഗീകരിക്കപ്പെടണമെന്ന് നിർബന്ധം പിടിക്കേണ്ട കാര്യമില്ല. വിട്ടുവീഴ്ചയുടെ സമീപനം മറ്റു പാർട്ടികൾക്ക് കോൺഗ്രസിനോടുള്ള സ്വീകാര്യത വർധിപ്പിക്കുമെന്ന് തരൂർ പറഞ്ഞു.
പ്രതിപക്ഷ ഐക്യത്തിന്റെ അച്ചുതണ്ട് കോൺഗ്രസാണ്. ദേശീയ തലത്തിൽ വിപുലമായ സാന്നിധ്യമുള്ള പാർട്ടിയും കോൺഗ്രസാണ്. ആ കോൺഗ്രസിനെ കേന്ദ്രീകരിച്ചാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നത്. 2019ൽ 37 ശതമാനം വോട്ടു കൊണ്ടാണ് 60 ശതമാനം ലോക്സഭ സീറ്റ് ബി.ജെ.പി കൈയടക്കിയത്. ബാക്കി വോട്ട് 35 പാർട്ടികൾക്കായാണ് കിട്ടിയത്. തങ്ങളുടെ വോട്ട് ഭിന്നിച്ചു പോകുന്ന സ്ഥിതി അവസാനിപ്പിക്കണമെന്ന് അവർ ചിന്തിച്ചാൽ, അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിന് ബി.ജെ.പി പണിപ്പെടും.
രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് അയോഗ്യത കൽപിച്ച സംഭവം പ്രതിപക്ഷ ഐക്യത്തിൽ ആശ്ചര്യകരമായ തിരയിളക്കം ഉണ്ടാക്കി. ഒന്നിച്ചു നിന്നില്ലെങ്കിൽ തിരിച്ചടി കിട്ടുമെന്ന യാഥാർഥ്യം പല പാർട്ടികൾക്കും ബോധ്യമായി. കോൺഗ്രസിനെ വിവിധ സംസ്ഥാനങ്ങളിൽ എതിർത്തു പോരുന്ന ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, ഭാരത് രാഷ്ട്ര സമിതി, സി.പി.എം എന്നിവയെല്ലാം ഒന്നിച്ചു വന്നു.
രാഹുലിനെ പിന്തുണച്ചില്ലെങ്കിൽ ഒന്നിനു പുറകെ ഒന്നായി അവരെയും കുരുക്കുമെന്ന് അവരിൽ പലർക്കും തോന്നുന്നു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ജനാധിപത്യത്തെ മാരകമായി പരിക്കേൽപിക്കുന്നുവെന്ന് ഒട്ടേറെ ബി.ജെ.പി വോട്ടർമാർ പോലും ഇന്ന് ചിന്തിക്കുന്നുവെന്നും തരൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.