''സീനിയോറിറ്റിയെ കുറിച്ച് മിണ്ടരുത്, ശശി തരൂർ ട്രെയിനിയല്ല, ട്രെയിനർ'' -എം.കെ രാഘവൻ എം.പി
text_fieldsതിരുവനന്തപുരം: അധ്യക്ഷ സ്ഥാനത്തേക്ക് ആർക്ക് വോട്ട് ചെയ്യണം എന്ന കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് രണ്ടഭിപ്രായമുണ്ട്. ഒരു വിഭാഗം ഗാന്ധി കുടുംബത്തിന്റെ 'ഔദ്യോഗിക സ്ഥാനാർഥി'യായ കർണാടകക്കാരനായ മല്ലികാർജുൻ ഖാർഗെയെ പിന്തുണക്കുമ്പോൾ, മറു വിഭാഗം ശശി തരൂരിന്റെ ചേരിയിലാണ്. കേരളം തന്നെ കൈവെടിയില്ല എന്ന പ്രതീക്ഷയിലാണ് തരൂരും.
കേരളത്തിൽ നിന്ന് എം.കെ. രാഘവർ എം.പിയാണ് തരൂരിന് ശക്തമായ പിന്തുണയുമായി ഒപ്പമുള്ളത്. നേരത്തേ തരൂരിന് സീനിയോറിറ്റിയില്ലെന്നും ട്രെയ്നിയാണെന്നുമുള്ള തരത്തിൽ ആക്ഷേപങ്ങളുയർന്നിരുന്നു. അതിനെതിരെയും രാഘവൻ രംഗത്തു വന്നിട്ടുണ്ട്. സീനിയോറിറ്റിയെ കുറിച്ച് ആരും മിണ്ടരുതെന്നും പറഞ്ഞാൽ കൂടുതൽ പറയേണ്ടി വരുമെന്നും രാഘവൻ പ്രതികരിച്ചു.
വി.കെ. കൃഷ്ണമേനോനു ശേഷം കേരളത്തിന്റെ അഭിമാനമാണ് തരൂർ. കേരളത്തിലെ നേതാക്കൾ പുറമേ എതിർപ്പ് പ്രകടിപ്പിക്കുമ്പോഴും വോട്ട് തരൂരിനു തന്നെ നൽകുമെന്നും രാഘവൻ പറഞ്ഞു.ശശി തരൂർ ട്രെയിനിയല്ല, ട്രെയിനറാണ്. തരൂർ ഉറപ്പായും വിജയിക്കും. അദ്ദേഹം കോൺഗ്രസ് അധ്യക്ഷനാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയെ മുന്നിൽ കണ്ടുള്ള തീരുമാനമാണ് എല്ലാവരും എടുക്കേണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ പറഞ്ഞു. കോൺഗ്രസിലെ ജനാധിപത്യമാണ് രണ്ട് സ്ഥാനാർഥികളെ നിർത്തിയതിലൂടെ തെളിയുന്നതെന്ന് കെ. മുരളീധരൻ പറഞ്ഞു. ഖാർഗെയെ അനുകൂലിക്കുന്ന തന്റെ നിലപാടിന് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യുമെന്നായിരുന്നു പത്മജ വേണുഗോപാലിന്റെ പ്രതികരണം. 9308 പ്രതിനിധികളാണ് അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.