ശശി തരൂരിന്റെ കോട്ടയം പര്യടനവും വിവാദത്തിൽ; ഡി.സി.സിയെ അറിയിച്ചില്ല, തിരുവഞ്ചൂരും നാട്ടകം സുരേഷും പങ്കെടുക്കില്ല
text_fieldsകോട്ടയം: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ കോട്ടയം ജില്ലയിലെ സന്ദർശനവും വിവാദത്തിൽ. സന്ദർശന വിവരം അറിയിച്ചില്ലെന്ന് ഡി.സി.സി നേതൃത്വം കെ.പി.സി.സിയെ ഔദ്യോഗികമായി അറിയിച്ചു. നേതൃത്വത്തെ അറിയിക്കാത്തതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേപേലെ, കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് തിരുവഞ്ചൂർ അറിയിച്ചിട്ടുള്ളത്.
ശശി തരൂർ രണ്ടു ദിവസത്തെ പര്യടനത്തിനാണ് ഇന്ന് ജില്ലയിലെത്തുക. വൈകീട്ട് 3.45ന് കാഞ്ഞിരപ്പള്ളി ബിഷപ്പുമായി ചർച്ച. തുടർന്ന് 4.30ന് പാലാ ടൗൺഹാളിൽ പ്രഫ. കെ.എം. ചാണ്ടി സ്മാരക പ്രഭാഷണം നടത്തും. ആറിന് പാലാ ബിഷപ് ഹൗസിൽ ബിഷപ്പുമായി ചർച്ച.
വൈകീട്ട് ഏഴിന് ഈരാറ്റുപേട്ട മുട്ടം ജങ്ഷനിൽ വർഗീയ ഫാഷിസത്തിനെതിരായ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ തരൂരാണ് മുഖ്യാതിഥി. ആന്റോ ആന്റണി എം.പി, എൻ.എസ്.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ. അഭിജിത് എന്നിവർ പങ്കെടുക്കും.
ഞായറാഴ്ച ഉച്ചക്ക് ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തിയുടെ സിൽവർ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കും. രണ്ടു മണിയോടെ എസ്.ബി കോളജിൽ നിന്ന് ആരംഭിക്കുന്ന റാലി കത്തീഡ്രൽ പള്ളി ഹാളിൽ സമാപിച്ച ശേഷമാണ് സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.