പാർട്ടി അന്വേഷണ റിപ്പോർട്ട് കിട്ടി, ശശീന്ദ്രൻ രാജിവെക്കേണ്ട ആവശ്യമില്ല -പി.സി. ചാക്കോ
text_fieldsന്യൂഡൽഹി: സ്ത്രീ പീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടെന്ന ആരോപണത്തിൽ പാർട്ടി സമിതിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതായി എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. ശശീന്ദ്രൻ രാജിവെക്കേണ്ട ആവശ്യമില്ലെന്നും പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും പി.സി. ചാക്കോ പറഞ്ഞു. വിഷയത്തിൽ എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി പി.സി. ചാക്കോ ചർച്ച നടത്തിയിരുന്നു.
ആരോപണം കഴമ്പുള്ളതല്ലെന്നും ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്നുമാണ് ശരദ് പവാർ അറിയിച്ചതെന്ന് ചാക്കോ പറഞ്ഞു. ഈ നിലപാട് സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിനെയാണ് എൻ.സി.പി ചുമതലപ്പെടുത്തിയിരുന്നത്.
എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ജി. പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടതായ ഓഡിയോ ക്ലിപ്പുകൾ ഇന്നലെയാണ് പുറത്തുവന്നത്. ഇതോടെ, പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.