വേഗപാതയിൽ പൊലിയുന്ന സ്വപ്നങ്ങൾ
text_fieldsകൊയിലാണ്ടി: പുതിയ റെയിൽ പാളമൊരുക്കേണ്ടത് അനേകായിരം പേരുടെ ജീവിതസമ്പാദ്യങ്ങൾ ചവിട്ടിയരച്ചു കൊണ്ടാണോ? സിൽവർ ലൈൻ വരുമ്പോൾ വീടും സ്ഥലവും നഷ്ടമാകുന്നവരുടേതാണ് ചോദ്യം. നാലു വർഷമായി, ഭാഗംലഭിച്ച ആറു സെൻറ് സ്ഥലത്ത് വീടുനിർമാണം തുടങ്ങിയിട്ട്. വായ്പയെടുത്തും കടം വാങ്ങിയുമൊക്കെ എങ്ങനെയെങ്കിലും വീടുപണി പൂർത്തിയാക്കി കയറിക്കിടക്കാൻ ആഗ്രഹിച്ച് മുന്നോട്ടുപോകുമ്പോഴാണ് ഇടിത്തീപോലെ വേഗറെയിൽ വാർത്ത കടന്നുവന്നതെന്ന് കാട്ടിലപീടിക തോട്ടോളി അർഷ പറഞ്ഞു.
ബൈക്ക് മെക്കാനിക്കാണ് ഭർത്താവ് ഷാലു. 15 ലക്ഷത്തോളം വീട് നിർമാണത്തിനു ചെലവായി. ഇനിയും പണി അവശേഷിക്കുന്നു. സെൻറിന് ചുരുങ്ങിയത് ആറു ലക്ഷം ലഭിക്കുന്ന സ്ഥലമാണ്. സർക്കാർ നഷ്ടപരിഹാരം ഇതിന്റെ പകുതി പോലും വരില്ല. എന്തിനാണ് വലിയൊരു ഭാഗത്തെ ദുരിതത്തിലാക്കി ഇങ്ങനെയൊരു റെയിൽ പാതയെന്നാണ് അർഷയുടെ ചോദ്യം.
ഈ ചോദ്യംതന്നെയാണ് മേലേടത്ത് ഉഷയുടെതും. കുറഞ്ഞ ആളുകളുടെ സുഖവും നേട്ടവും ലക്ഷ്യമിട്ട് മഹാഭൂരിപക്ഷത്തിന്റെ പ്രയാസങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ഉഷയുടെ ഭർത്താവ് രാമകൃഷ്ണൻ പറഞ്ഞു. കൂലിപ്പണിയിലൂടെ സ്വരൂപിച്ച പണംകൊണ്ട് നിർമിച്ച ഇവരുടെ വീട് മകന് പട്ടാളത്തിൽ ജോലി ലഭിച്ചപ്പോൾ പുതുക്കിപ്പണിതതാണ്. കെ-റെയിൽ വാർത്ത വന്നതോടെ രാമകൃഷ്ണന് ഉറക്കം നഷ്ടമായി. നെഞ്ചുവേദന പിടിപെട്ടു. ഏതാണ്ട് എല്ലാവരും ഇതേ അവസ്ഥയിലാണ്. പിറന്ന സ്ഥലത്തുനിന്ന് പിഴുതെറിയപ്പെടുന്നതിന്റെ വേദന. സമ്പാദ്യങ്ങൾ നഷ്ടമാകുന്നതിന്റെ ആകുലതകൾ, വല്ലാത്തൊരു മരവിപ്പാണ് ഈ മേഖലയിൽ.
നസീർ ന്യൂ ജെല്ല 20 വർഷം നീളുന്ന വായ്പയെടുത്താണ് വീടുവെച്ചത്. 10 വർഷത്തെ അടവു ബാക്കി. സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായും കോട്ടങ്ങൾ വരുത്തുന്ന പദ്ധതിക്ക് സ്ഥലം വിട്ടുകൊടുക്കില്ലെന്ന് ഇദ്ദേഹം പറഞ്ഞു. കെ-റെയിൽ ജനകീയ സമിതിയുടെ പ്രധാന പ്രവർത്തകനാണ് നസീർ. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് പരിഹാരം കാണേണ്ട നിരവധി അടിസ്ഥാനപ്രശ്നങ്ങൾ നിലനിൽക്കുമ്പോഴാണ് കെ-റെയിൽ എന്ന സ്വപ്നപദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്.
വിവിധ ഭാഗങ്ങളിൽനിന്ന് ഉയരുന്ന എതിർപ്പുകളും വിദഗ്ധ അഭിപ്രായങ്ങളുമൊന്നും പരിഗണിക്കാതെയാണ് മുന്നോട്ടുപോക്ക്. മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുക എന്ന പേരിൽ നടക്കുന്ന പ്രക്രിയയിൽ ജനിച്ച വീട്ടിൽനിന്നും ജീവിതം കരുപ്പിടിപ്പിച്ചെടുത്ത നാട്ടിൽനിന്നും പിഴുതെറിയപ്പെടുന്നവരുടെ വേദനകൾ ഭരണകൂടം കാണാതെ പോകുന്നു. കോരപ്പുഴ മുതൽ പൂക്കാടുവരെ മൂന്നര കിലോമീറ്ററിനുള്ളിൽ 162 വീടുകളാണ് നഷ്ടപ്പെടുക. സാധാരണക്കാർ, കൂലിത്തൊഴിലാളികൾ, പ്രവാസികൾ ഉൾപ്പടെയുള്ളവർ ഇതിൽപെടും.
25 മീറ്റർ വീതി കണക്കാക്കിയാണിത്. ഇതു വർധിക്കുമ്പോൾ കുടിയൊഴിയേണ്ടി വരുന്നവരുടെ എണ്ണം വീണ്ടും കൂടും. എല്ലു നുറുങ്ങി പണിയെടുത്തും അറേബ്യൻ മരുഭൂമിയിൽ കഷ്ടപ്പെട്ടും ഉണ്ടാക്കിയ സമ്പാദ്യങ്ങൾക്കുമേലാണ് വികസന പദ്ധതിയുടെ പേരിലുള്ള കടന്നുകയറ്റം. മികച്ച വില നൽകുമെന്നാണ് വാഗ്ദാനം. ഒരുപാടു പേർ കുടിയൊഴിയേണ്ടി വരുമ്പോൾ ഭൂമിക്ക് വില കൂടും. അപ്പോൾ, നഷ്ടപരിഹാരത്തുകക്ക് മികച്ച ഭൂമികൾ കിട്ടാതെ വരും. മാത്രമല്ല ഒരു പരിചയവുമില്ലാത്ത, തികച്ചും വ്യത്യസ്തങ്ങളായ ചുറ്റുപാടുകളിലേക്ക് ജീവിതം പറിച്ചുനടേണ്ടതിന്റെ മാനസിക ആഘാതവും നേരിടേണ്ടി വരും.
ദേശീയപാത വികസന ഭാഗമായി സ്ഥലം നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന ആരോപണവും നിലനിൽക്കുന്നു. ദേശീയപാത വികസനത്തിനൊപ്പം കെ- റെയിൽ കൂടി വരുമ്പോൾ വൻതോതിൽ ഭൂമിയാണ് ഉപയോഗിക്കേണ്ടിവരുക. അപ്പോൾ ഭൂമാഫിയ രംഗം കൈയടക്കും. ഭൂവില നിയന്ത്രണം ഇവരുടെ കൈകളിൽ വരുമ്പോൾ, നഷ്ടപരിഹാര തുകക്ക് ഭൂമി കിട്ടാതെ വരും.
കെ-റെയിലിന് അക്വയർ ചെയ്യുന്ന സ്ഥലത്തിന് അടുത്തുള്ള സ്ഥലങ്ങൾക്കും ഉപയോഗ നിയന്ത്രണങ്ങൾ ഉണ്ടായേക്കും. ചതുപ്പുനിലങ്ങൾ നഷ്ടപ്പെടുമ്പോൾ അത് കുടിവെള്ള സ്രോതസ്സുകളെ കാര്യമായി ബാധിക്കും. മാത്രമല്ല മഴക്കാലത്ത് വെള്ളപ്പൊക്കവും സംഭവിക്കാം. അതുകൊണ്ടുതന്നെ, ശക്തമായ എതിർപ്പാണ് പദ്ധതിക്കെതിരെയുള്ളത്. വിവിധ മേഖലകളിലെ പ്രശസ്തർ, ബുദ്ധിജീവികൾ, വ്യത്യസ്ത രാഷ്ട്രീയവീക്ഷണമുള്ളവർ എന്നിവരൊക്കെ സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്തുണ്ട്.
ജില്ലയിലെ പ്രധാന സമരകേന്ദ്രങ്ങളിലൊന്ന് കാട്ടില പീടികയിലേതാണ്. ഇവിടെ സമരം 461 ദിവസം പിന്നിട്ടു. 2020 ജൂലൈ 24ന് പ്രത്യക്ഷ സമരം തുടങ്ങി. 2020 ഒക്ടോബർ രണ്ടിന് അനിശ്ചിതകാല സത്യഗ്രഹവും തുടങ്ങി. വൈവിധ്യമാർന്ന സമരങ്ങളും നടത്തി. പ്രശാന്ത് ഭൂഷൺ, ഡോ. രാജേന്ദ്രസിങ് റാണ, കൂടംകുളം ഉദയകുമാർ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ. സുരേന്ദ്രൻ, സാദിഖലി ശിഹാബ് തങ്ങൾ, എം.കെ. മുനീർ, കെ. മുരളീധരൻ, എം.കെ. രാഘവൻ, കെ.കെ. രമ, പി.കെ. ഫിറോസ്, മാത്യു കുഴൽ നാടൻ, പി.കെ. ഗോപി, സി.ആർ. നീലകണ്ഠൻ, കല്പറ്റ നാരായണൻ, കുസുമം ജോസഫ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ഐക്യദാർഢ്യവുമായി എത്തിയത് സമരത്തിന് ആവേശമായി. എങ്കിലും, സ്ഥലം നഷ്ടപ്പെടുന്നവർ തികഞ്ഞ ആശങ്കയിലാണ്. പലരും മറ്റു സമ്പാദ്യങ്ങൾ ഇല്ലാത്തവരാണ്. കൈവശമുള്ളതിൽനിന്ന് അല്പം സ്ഥലം വിറ്റ് പെൺമക്കളുടെ വിവാഹം നടത്താമെന്ന കണക്കുകൂട്ടലുകളും തെറ്റി. സർവേയിൽ ഉൾപ്പെട്ട ഭൂമിക്ക് വായ്പ ലഭിക്കില്ല.
വീടുവെക്കാൻ അനുവാദവും കിട്ടാതാകും. നാലര പതിറ്റാണ്ടോളം ദേശീയപാതക്ക് കല്ലിട്ട സ്ഥലം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായ നാടാണിത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.