പി.സി. ജോർജിനോട് സർക്കാറിന് പ്രതികാരബുദ്ധിയെന്ന് ഷോൺ ജോർജ്
text_fieldsതിരുവനന്തപുരം: പി.സി.ജോർജിനോട് സർക്കാരിന് പ്രതികാരബുദ്ധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മകൻ ഷോൺ ജോർജ്. രാവിലെ 10.15ന് െെഹകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ എന്തിനാണ് ജോർജിനെ റിമാന്‍റ് ചെയ്യുന്നത്.
വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പി.സി ജോർജിന്റെ അറസ്റ്റാണ് ചർച്ച ചെയ്തത്. ഒരു മണിക്കൂറെങ്കിലും പി.സിയെ ജയിലിലിട്ട് ആരെയോ ബോധ്യപ്പെടുത്താനാണ് പിണറായി ശ്രമിച്ചതെന്നും വ്യക്തമായ പ്രീണനമാണിതെന്നും ഷോൺ പറഞ്ഞു. 35 മിനിറ്റുള്ള പ്രസംഗത്തിലെ കുറച്ച് ഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മുൻ കേസിലെ ജാമ്യം റദ്ദാക്കാനായി മനപ്പൂർവ്വം സർക്കാർ ചെയ്തതാണിതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പി.സി ജോർജിന്റെ വിവാദ പരാമർശങ്ങളെയും ഷോൺ ജോർജ് ന്യായീകരിച്ചു. വിദ്വേഷ പ്രസംഗമാണോയെന്ന് വിചാരണ സമയത്ത് കോടതി വ്യക്തമാക്കേണ്ട കാര്യമാണ്. ആനുകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പി.സി സംസാരിച്ചതെന്നും അദ്ദേഹം പരാമർശിച്ച സംഭവങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന നിരവധി വീഡിയോകൾ തന്‍റെ പക്കലുണ്ടെന്നും ഷോൺ വ്യക്തമാക്കി.
പി.സി പറഞ്ഞ കാര്യങ്ങൾ മുസ്ലീം സമുദായത്തിനാകെ എതിരാണെന്ന് വരുത്തി തീർക്കാനാണ് മതതീവ്രവാദ സംഘടനകളും മാധ്യമങ്ങളും ശ്രമിക്കുന്നത്. പി.സി ജോർജ് സംസാരിക്കുന്നത് മതതീവ്രവാദ സംഘടനകൾക്കെതിരെയാണെന്നും മുസ്ലിംകൾക്കെതിരെ അല്ലെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പങ്കെടുക്കവെയാണ് പി.സി. ജോർജ് മുസ്ലിംകൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‌ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടു പോകുന്നു തുടങ്ങിയ നുണയാരോപണങ്ങളാണ് പി.സി. ജോർജ് പ്രസംഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.